Contact Us Donate Now

കണ്ണീരൊപ്പുന്ന ചിലരെക്കുറിച്ച്: ഒരു പാലിയേറ്റീവ് കെയര്‍ ഓര്‍മ്മ

മഴപെയ്യും മുന്‍പ് എനിക്കെന്റെ വാഴ നനക്കണം എന്ന് വല്ല്യുപ്പ വാശിപിടിക്കുന്ന കാലത്താണ് ഞാന്‍ പാലിയേറ്റീവ് കെയര്‍ എന്ന സംഘത്തെക്കുറിച്ച് കേള്‍ക്കുന്നതും അനുഭവിക്കുന്നതും. സ്വന്തത്തേയും കാലത്തേയും ഓര്‍മ്മയില്ലാതാകുന്നതായിരുന്നു വല്ല്യുപ്പയുടെ രോഗം. ആകെ ഓര്‍ക്കാനാകുന്നത് ചില ശീലങ്ങളെ മാത്രം. അക്കാലത്ത് എല്ലാ ചൊവ്വാഴ്ചയും അവര്‍ എന്റെ വീട്ടില്‍ വരും. ചില കഥകള്‍ പറയും. വല്ല്യുപ്പക്കൊപ്പം ഇത്തിരി നേരം ഇരിക്കും. എന്റെ നാട്ടിലെ ഓരോ രോഗിയുടെ അടുത്തേക്കും അവരിങ്ങനെ കയറിച്ചെല്ലുമായിരുന്നു; ഇത്തിരി നേരം പുഞ്ചിരിക്കാന്‍.

പാലിയേറ്റീവ് കെയര്‍ എന്ന പ്രസ്ഥാനം ലക്ഷ്യം വെക്കുന്നത് പേര് സൂചിപ്പിക്കും പോലെ സാന്ത്വന പരിചരണമാണ്. വൈദ്യ ശാസ്ത്രം നടപ്പില്‍ വരുത്തുന്ന രോഗ ചികിത്സയില്‍ നിന്നും വ്യത്യസ്തമാണിത്. `ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവുമായ സൌഖ്യം കൂടിയാണ്’ എന്ന ലോകാരോഗ്യ സംഘടന നിര്‍വചിച്ച ആരോഗ്യമാണ് ഇത് ലക്ഷ്യം വെക്കുന്നത്. എല്ലാ തരം വേദനയില്‍ നിന്നും മുക്തമായ പൂര്‍ണ്ണ സൌഖ്യം. അതിന് ചിലപ്പോള്‍ വേണ്ടി വരിക ഒരു പുഞ്ചിരി മാത്രമായിരിക്കാം..

കഴിഞ്ഞ ജനുവരി 17 ന് എന്റെ വല്ല്യുപ്പ മരിച്ചു. അടുപ്പമുള്ള ചിലരുടെ മരണങ്ങള്‍ മാത്രമാണ് നമ്മെ അലട്ടാറുള്ളതെങ്കില്‍ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ അങ്ങനെയല്ല. വരാനിരിക്കുന്ന വളവിനപ്പുറത്തെ വീട്ടിലും ഇതുപോലൊരു വീട് എന്ന് ആഗ്രഹമായി മനസ്സില്‍ കൊണ്ടുനടക്കുന്ന വലിയ വീട്ടിലും കണ്ണ് പിന്തുടരുന്ന പെണ്‍കുട്ടിയുടെ ചുവന്ന വീട്ടിലുമെല്ലാം പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ക്ക് വേദന തിന്ന് മരിച്ച ഒരു പുഞ്ചിരി ഓര്‍ക്കാനുണ്ടാകും. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകനായി ആദ്യ ഗൃഹസന്ദര്‍ശനത്തിനിറങ്ങിയ ദിവസം തന്നെ ആ വേദനകള്‍ ഞാനറിഞ്ഞു. അന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ടാറിടാത്ത കയറ്റത്തിനറ്റത്തുള്ള വീട്ടിലായിരുന്നു. ആ വീട്ടിലാണ് കാക്കി അമ്മൂമ്മയുള്ളത്. അമ്മൂമ്മക്ക് രോഗങ്ങളൊന്നുമില്ല. നൂറു കഴിഞ്ഞെങ്കിലും നല്ല ഓര്‍മ്മയും കാഴ്ചയുമുണ്ട്. പിന്നെന്തിനാണ് ആ വീട്ടില്‍ പോകുന്നത്? ഞങ്ങള്‍ ചെറിയ കുന്ന് കയറി അമ്മൂമ്മയുടെ വീട്ടിലെത്തി. കൂലിപ്പണിക്കാരിയായ മകള്‍ ജോലിക്കുപോകുന്നതോടെ വീട്ടില്‍ അമ്മൂമ്മ തനിച്ചായിരിക്കും. ഞങ്ങള്‍ ഇരുട്ടു നിറഞ്ഞ മുറിയില്‍ കൊതുകു വലക്ക് താഴെ ചുരുണ്ടു കൂടിക്കിടക്കുന്ന കാക്കി അമ്മൂമ്മയെ എഴുന്നേല്പിച്ച് വരാന്തയില് കൊണ്ടു വന്നിരുത്തി; ഇത്തിരി വെയിലു കൊള്ളാന്‍, ഇരുട്ടു മണക്കാത്ത വായു ശ്വസിക്കാന്‍, ഇലയുടെ ആട്ടം കാണാന്‍.

അന്ന് ഞങ്ങള്‍, പന്ത്രണ്ട് വര്‍ഷമായി കിടക്കയിലമര്‍ന്ന മുന്‍ പ്രവാസിയെ കണ്ടു. ക്യാന്‍സര്‍ കാര്‍ന്ന് തിന്നുമ്പോഴും, എനിക്ക് വേദനിക്കുന്നു മോളേ എന്ന് നൊമ്പരപ്പെടുമ്പോഴുമെല്ലാം `പരിപ്പ് വെന്തോ’ എന്ന് അടുക്കളയെക്കുറിച്ച് ആശങ്കപ്പെടുന്ന പാത്തുമ്മുവിനെ കണ്ടു. വാഹിദിനെ കണ്ടു. അവന് വയസ്സ് 28. ഞാന്‍ മുയലിറച്ചി വാങ്ങാന്‍ പോയിയിരുന്ന വീടിന്റെ അടുത്തായിരുന്നു അവന്റെ വീട്. അവന്റെ അന്ധനായ ഉപ്പയെ ഞാന്‍ കണ്ടിട്ടുണ്ട്. അവന്റെ ജ്യേഷ്ഠനെ ഞാനറിയും, പക്ഷെ, ആ വീട്ടില് ക്യാന്‍സറില്‍ അകപ്പെട്ടുപോയ, നിരന്തരം സംസാരിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ടെന്ന് എനിക്കറിയില്ലായിരുന്നു...

ഒരു സംഘം എന്ന നിലയില്‍ പാലിയേറ്റീവ് കെയര്‍ രൂപപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ യൂറോപ്പിലായിരുന്നു. 1994 ല്‍  ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ പാലിയേറ്റീവിന്റെ രൂപീകരണത്തോടെ ഇന്ത്യയിലും ഈ പ്രസ്ഥാനമെത്തി. എന്നാല്‍ ഇതിന് മുമ്പ് തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതേ ലക്ഷ്യത്തോടെയുള്ള സംഘങ്ങള്‍ മെഡിക്കല്‍ കോളേജുകളും ക്യാന്‍സര്‍ സെന്ററുകളും കേന്ദ്രീകരിച്ച് രൂപപ്പെട്ടിരുന്നു.  1980 കളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് നടന്ന വേദന ചികിത്സ ഇത്തരത്തില്‍ ഒരു ഉദാഹരണമാണ്. ഈ സംഘം പിന്നീട്, 1993 ല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയായി രൂപം കൊണ്ടു. കേരളമിങ്ങനെ സാന്ത്വന പരിചരണ രംഗത്ത് രാജ്യത്തിന് മുന്നില് നടന്നിട്ടുണ്ട്. ഇന്നും വികസ്വര രാജ്യങ്ങളിലെ പാലിയേറ്റീവ് കെയര്‍ ഉദ്യമങ്ങള്‍ക്ക് കേരളം മാതൃകയും പഠനവിഷയവുമാണ്. എങ്കിലും കേരളത്തിലും ചില ആശങ്കകളുണ്ട്.

പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്നവയായി ഞാന്‍ കണ്ടിട്ടുള്ള ലഘുലേഖകളുടെയെല്ലാം അവസാനം, ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിക്കാറുണ്ട്. എന്റെ നാട്ടിലെ പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനത്തിന് സമര്‍പ്പിത മനോഭാവത്തോടെ മുന്നില്‍ നില്‍ക്കുന്നത് കുറച്ച് വൃദ്ധന്മാരാണ്. ഇത് പ്രാദേശികമായ ഒരു ആശങ്കയാണ് എന്ന് തോന്നുന്നില്ല. ‘ഞങ്ങളുണ്ട് കൂടെ’ എന്ന് പറയുന്ന ഒരു സംഘത്തോടൊപ്പം നമ്മളില്‍, നമ്മുടെ കൂട്ടുകാരില്‍, ബന്ധുക്കളില്‍ എത്ര പേരുണ്ട് എന്നത് ആശങ്കപ്പെടുത്തുന്ന ഉത്തരം നല്കുന്ന ചോദ്യമാണ്. ഈ പാലിയേറ്റീവ് കെയര്‍ ദിനം ഗുണകരമായ തീരുമാനങ്ങള്‍ക്ക് നിമിത്തമാകും എന്ന് പ്രതീക്ഷിക്കാം.

ജംഷീര്‍

http://www.mediaonetv.in

Donate your blood

HEALTH AWARENESS

KARUNA COMMITTIE

WEB ORGANISED

DOCUMENTARY