Contact Us Donate Now

സമൂഹം ഒറ്റപ്പെടുത്തിയ ഒരു കൂട്ടം മനുഷ്യര്‍

ലക്ഷ്മി നാരായണന്‍

കിഴക്കന്‍ മലമുകളില്‍നിന്നും വെള്ളിമേഘങ്ങളെ കീറിമുറിച്ച് സൂര്യന്റെ നേര്‍ത്ത രശ്മികള്‍ ആ കുന്നിനു മുകളിലേക്ക് എത്തി തുടങ്ങിയതേയുള്ളൂ. പ്രകൃതിയോടൊപ്പം സകല ജീവജാലങ്ങളും നിദ്രയുടെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നു തുടങ്ങി, ഒപ്പം അവനും. നേരം പരപരാ വെളുത്തു തുടങ്ങുമ്പോഴേക്കും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അടുക്കള വാതില്‍ക്കല്‍ ഒരു മണികിലുക്കം കേള്‍ക്കാം. അതു കേട്ട ഉടനെ പാചകം ചെയ്ത പ്രഭാത ഭക്ഷണം ചൂടോടെ പാത്രങ്ങളിലാക്കി ബീഹാറികളായ ആ പാചകക്കാര്‍ കൈവണ്ടിയില്‍ നിറയ്ക്കും.

നിയോഗം പോലെ, കഴുത്തില്‍ കെട്ടിയ മണികിലുക്കിക്കൊണ്ട് വണ്ടിയുടെ സാരഥ്യം പിന്നീട് മണികണ്ഠന്‍ ഏറ്റെടുക്കും. 110 ഏക്കര്‍ വിസ്തൃതമായ ആ കുന്നിന്റെ കയറ്റവും ഇറക്കവും കഴിഞ്ഞ 6 വര്‍ഷമായി അവന്റെ ജീവിതചര്യയുടെ ഭാഗമായിക്കഴിഞ്ഞു. പുറമെ നിന്നു നോക്കുന്നവര്‍ക്ക് മണികണ്ഠന്‍ 9 വയസ്സുള്ള ഒരു കാളമാത്രമാണ്. എന്നാല്‍ തൃശൂര്‍ ജില്ലയിലെ മുളയത്ത്, കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനും അവിടുത്തെ 85ല്‍ പരം കുഷ്ഠരോഗികള്‍ക്കും മണികണ്ഠന്‍ സഹജീവി സ്‌നേഹത്തിന്റെ പര്യായമാണ്. ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് നമ്മോട് പറയാനുള്ളതും അതുതന്നെ, മണികണ്ഠനെന്ന നാല്‍ക്കാലിയുടെ സഹജീവി സ്‌നേഹത്തിന്റെയും കുഷ്ഠരോഗത്തിന്റെ പേരില്‍ അവഗണിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെയും കഥ. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓരോ മുക്കും മൂലയും മണികണ്ഠന് സുപരിചിതം. ദിവസവും മൂന്ന് നേരം രോഗികള്‍ക്കായുള്ള ഭക്ഷണവുമായി അവന്‍ ഈ കുന്ന് കയറിയിറങ്ങുന്നു. അടുക്കള മുറ്റത്തുനിന്നാരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് ഡാമിയന്‍ ആശുപത്രിക്കു മുന്നിലാണ്. അവിടെ 40ല്‍ പരം രോഗികള്‍ കുഷ്ഠരോഗത്തിന് ചികിത്സ തേടുന്നു. ആശുപത്രിക്കരികില്‍ എത്തിയാലുടന്‍ മണികണ്ഠന്‍ തന്റെ കഴുത്തില്‍ കെട്ടിയിരിക്കുന്ന മണി കിലുക്കും. ആ ശബ്ദം കേട്ടാലറിയാം രോഗികള്‍ക്ക്, അവര്‍ക്കുള്ള ഭക്ഷണവുമായി രക്ഷകന്‍ എത്തിയിരിക്കുന്നുവെന്ന്. പിന്നെ ഒട്ടും അമാന്തിക്കില്ല; ഓരോരുത്തരായി വന്ന് തങ്ങളുടെ വിഹിതം ഭക്ഷിക്കാനായി എടുക്കും. മണികണ്ഠന്‍ വീണ്ടും യാത്ര തുടരും, ഇത്തവണ ആശുപത്രി വളപ്പില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള കോട്ടേജുകളാണ് ലക്ഷ്യം. രോഗ വിമുക്തരെങ്കിലും വീട്ടിലേക്ക് തിരിച്ചു
പോകാനാകാതെ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് സ്വകാര്യ ജീവിതത്തിനായി ഈ കോട്ടേജുകളില്‍ സൗകര്യമൊരുക്കിയിരിക്കുന്നു. 30ല്‍ പരം കോട്ടേജുകള്‍. ഒരു മുറി, വരാന്ത, അടുക്കള എന്ന രീതിയില്‍ മനോഹരമായ പൂന്തോട്ടത്തോട് കൂടി നിര്‍മ്മിച്ചിരിക്കുന്ന ഓരോ കോട്ടേജിനകത്തും 'മരിച്ചു ജീവിക്കുന്ന' മനുഷ്യരാണ്. രോഗം മാറിയെങ്കിലും അംഗവൈകല്യം ബാധിച്ചവര്‍, കാഴ്ച നഷ്ടപ്പെട്ടവര്‍... ഭക്ഷണ പാത്രവുമായി മണികിലുക്കി മണികണ്ഠനെത്തുമ്പോള്‍ ഇവര്‍ക്കാശ്വാസമാണ്. ഒറ്റപ്പെടലിന്റെ തുരുത്തില്‍ സഹവര്‍ത്തിത്വവും സ്‌നേഹവും പങ്കുവെക്കുവാന്‍ ഇവനെങ്കിലുമുണ്ടല്ലോ എന്നോര്‍ത്ത്.

അമേരിക്കയിലെ ഹവായി ദ്വീപ സമൂഹത്തിലെ മൊളോക്കോയ് എന്ന ഒറ്റപ്പെട്ട തുരുത്തില്‍ കുഷ്ഠരോഗികള്‍ക്കായി ജീവിച്ച് അവ രിലൊരാളായി മരിച്ച, ഫാദര്‍ ഡാമിയന്‍ എന്ന വൈദികന്റെ സ്മരണാര്‍ത്ഥം 1952 ലാണ് ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിതമായത്. ക്രിസ്ത്യന്‍ രൂപതയ്ക്കു കീഴിലുള്ള ഭൂമിക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഭൂമി കൂടിച്ചേര്‍ന്നപ്പോള്‍, അയ്യപ്പന്‍ കാവ് എന്ന കുന്നിന്‍ മുകളിലെ ആ ഗ്രാമപ്രദേശത്ത് 110 ഏക്കര്‍ വിസ്തൃതിയില്‍, കുഷ്ഠരോഗികള്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യ ആശുപത്രി എന്ന നിലയില്‍ ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനമാരംഭിച്ചു.

''ആദ്യ വര്‍ഷങ്ങളില്‍ ആശുപത്രി അധികൃതര്‍ രോഗികളെ തേടിപ്പിടിച്ച് ഇവിടെകൊണ്ടുവന്ന് ചികിത്സിക്കുമായിരുന്നു. 1970 കളില്‍ രോഗികളുടെ എണ്ണം 1000 ത്തിനടുത്തായിരുന്നു. അക്കാലത്ത്, കുഷ്ഠരോഗം നിയന്ത്രണ വിധേയമായിരുന്നില്ല, പിന്നീട് വൈദ്യശാസ്ത്രം വികസിച്ചതിനൊപ്പം രോഗം നിയന്ത്രണ വിധേയമായി. പുതിയ കേസുകള്‍ അധികമൊന്നും റിപ്പോര്‍ട്ടു ചെയ്യാതായി. എന്നാല്‍ കുഷ്ഠരോഗം ഇന്നും പൂര്‍ണ നിയന്ത്രണത്തിലാണ് എന്നു പറയാനാവില്ല. ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് മാസംതോറും നടത്തുന്ന മൊബൈല്‍ ക്ലിനിക്കല്‍ ടെസ്റ്റുകളില്‍ ചുരുങ്ങിയത് ഒരാളിലെങ്കിലും കേരളത്തില്‍ രോഗം പുതിയതായി കണ്ടെത്തുന്നു. എന്നാല്‍ കുഷ്ഠരോഗം ചികിത്സിച്ച് മാറ്റാമെന്ന തിരിച്ചറിവ് വിദ്യാസമ്പന്നരായ നമ്മുടെ സമൂഹത്തിനില്ല. രോഗികളെ മാത്രമല്ല, രോഗം പൂര്‍ണ്ണമായും മാറിയവരെപ്പോലും സമൂഹം ഒറ്റപ്പെടുത്തുന്നു,'' ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഫാദര്‍ ആന്റണി മേച്ചേരി പറയുന്നു. ആദ്യ കാലങ്ങളില്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ നിന്നു. നിലനില്‍പ്പിനായുള്ള വരുമാനം ഇന്‍സ്റ്റിറ്റിയൂട്ടിനോടനുബന്ധിച്ചുളള റബ്ബര്‍ തോട്ടങ്ങളില്‍ നിന്നാണ് കണ്ടെത്തുന്നതെന്ന് ഫാദര്‍ പറയുന്നു. എന്നാല്‍ രോഗം മാറിയ രോഗികളെ രോഗം പകരുമോ എന്ന ഭയത്തിന്റെ പേരില്‍ വീട്ടുകാര്‍ തിരികെ കൊണ്ടുപോകാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ക്കു കൂടി സംരക്ഷണം നല്‍കേണ്ട അധികചുമതല ഇന്‍സ്റ്റിറ്റിയൂട്ടിനുണ്ടായി. ഞങ്ങള്‍ 1990 കളുടെ ആരംഭത്തില്‍ അന്തേവാസികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, അതി ജീവനത്തിനായി കൃഷിയിലേക്ക് കടന്നു. വാഴ, വിവിധയിനം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നതോടൊപ്പം പശു, എരുമ, പന്നി എന്നിവയുടെ വിശാലമായ ഫാമും ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരംഭിച്ചിട്ടുണ്ട്. രോഗവിമുക്തരായവരാണ് പ്രധാന കര്‍ഷകരെങ്കിലും ഉല്‍പ്പന്നങ്ങള്‍ വിപണികളില്‍ വില്‍ക്കുവാന്‍ സാധിക്കുന്നില്ല. ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ല എന്ന വാശി കടയുടമകള്‍ക്കുമുണ്ട്. 

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മൊളോക്കോയ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ട കുഷ്ഠരോഗിളോടൊപ്പം ഫാദര്‍ ഡാമിയന് കഴിയേണ്ടി വന്നതിന് സമാനം തന്നെയാണ് കുന്നിന്‍ മുകളിലെ ഈ സ്ഥാപനത്തില്‍ ഫാദര്‍ ആന്റണി മേച്ചേരിയുടെ വാസം. ചികിത്സക്കായി 24 മണിക്കൂര്‍ സജ്ജമായ ആശുപത്രി, ലാബ്, പ്രാര്‍ത്ഥനക്കായി പള്ളികള്‍ എന്നിവ ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ട്. ഇവയുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ആരും തന്നെ എത്താറില്ല. അങ്ങനെ ആശുപത്രി കുഷ്ഠരോഗ ചികിത്സയ്ക്ക് വേണ്ടി മാത്രമുള്ളതായി.

''പുറമെയുള്ള ലബോറട്ടറികളില്‍ ഇവിടുത്തെ രോഗികളുടെ കഫം, മൂത്രം, രക്തം എന്നിവ പരിശോധിക്കാനാവില്ലെന്ന് അധികൃതര്‍ നിലപാടെടുത്തതിന്റെ ഫലമായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ലാബ് ഇവിടെ ആരംഭിച്ചത്. രോഗത്തെക്കാളേറെ ഇവിടുത്തെ രോഗികളെ വലയ്ക്കുന്നത് ജനങ്ങളുടെ അവഗണനയും അവജ്ഞയുമാണ്. പ്രാര്‍ത്ഥനാലയങ്ങളില്‍ പോലും രോഗവിമുക്തി നേടിയവര്‍ക്കൊപ്പം ഇരിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ല. ഇവിടുത്തെ അന്തേവാസികള്‍ നിര്‍മ്മിച്ച മനോഹരങ്ങളായ കരകൗശല വസ്തുക്കള്‍ പോലും വിപണിയില്‍ നിന്നും പുറന്തള്ളപ്പെട്ടു. മണ്ണിലും മരത്തിലും നിര്‍മ്മിച്ച വസ്തുക്കളിലൂടെ എങ്ങനെയാണ് രോഗം പകരുകയെന്ന് മനസ്സിലാകുന്നില്ല,''ഫാദര്‍ മേച്ചേരി പറയുന്നു. ഏതു രംഗത്തും ഇവിടുത്തെ അന്തേവാസികള്‍ക്ക് അവഗണന മാത്രമാണ്. വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ കാര്‍ഷിക, കാര്‍ഷികത-ഇതര ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കും വേണ്ടാതെ കുന്നുകൂടി കിടക്കുന്നു. സര്‍ക്കാര്‍ രേഖകളില്‍ അന്തേവാസികള്‍ പലരും ഇടം കണ്ടെത്തിയിട്ടില്ല. സര്‍ക്കാര്‍ കനിഞ്ഞവര്‍ക്ക് പ്രതിവര്‍ഷം ലഭിക്കുലഭിക്കുന്നതോ 25 രൂപ പെന്‍ഷനും!

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അന്തേവാസികള്‍ നിര്‍മ്മിക്കുന്ന കൃത്രിമ കൈകാലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കുഷ്ഠത്തെ തുടര്‍ന്ന് കൈകാലുകള്‍ നഷ്ടപ്പെട്ടവരെ ലക്ഷ്യമിട്ടാണ് കൃത്രിമ കൈകാലുകള്‍ നിര്‍മ്മിക്കുന്ന കൊബ്ലാര്‍ യൂണിറ്റ് ആരംഭിച്ചത്. എന്നാല്‍ ഇന്ന് അപകടങ്ങളില്‍ പെട്ട് കൈകാലുകള്‍ നഷ്ടമായവര്‍ വരെ കൃത്രിമ അവയവങ്ങള്‍ക്കായി ഡാമിയനെ ആശ്രയിക്കുന്നു. സംസ്ഥാനത്തെ പല ആശുപത്രികളില്‍ നിന്നും ഇതിന് ആവശ്യക്കാരെത്തുന്നു. ഡാമിയനിലെ മറ്റ് ഉല്‍പ്പന്നങ്ങളോട് സമൂഹം കാണിക്കുന്ന വിവേചനം ഇതിനില്ലാ എന്നത് മറ്റൊരു വൈരുദ്ധ്യം. ഒരു നോട്ടം കൊണ്ടോ, സ്പര്‍ശം കൊണ്ടോ കുഷ്ഠരോഗം പകരില്ല എന്ന് മനസ്സിലാക്കാന്‍ കേരള സമൂഹം ഇനിയും വളരേണ്ടതുണ്ട്. പാലക്കാട്ടുകാരനായ മുഹമ്മദ് കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഇവിടുത്തെ അന്തേവാസിയാണ്. 7 വയസ്സില്‍ രോഗബാധിതനായെത്തിയ അയാള്‍ രോഗവിമുക്തി നേടിയിട്ടും വീട്ടുകാര്‍ അടുപ്പിച്ചില്ല. ഇന്ന്, മുഹമ്മദ് ഇവിടെ സന്തോഷവാനായി ജീവിക്കുന്നു, തന്നെപ്പോലെ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി. ബാബു, നാണി, കുഞ്ചു തുടങ്ങി ഒട്ടനവധി മുഹമ്മദുമാര്‍ ഇവിടെയുണ്ട്. എല്ലാവര്‍ക്കും പറയാനുള്ളത് വ്യത്യസ്തമായ കഥകള്‍, എന്നാല്‍ എല്ലാ കഥയും ചെന്നവസാനിക്കുന്നത് അവഗണനയുടെ ഈ തുരുത്തില്‍. 

കുഷ്ഠരോഗം

മൈക്രോ ബാക്ടീരിയം ലെപറെ എന്ന ബാക്ടീരിയയില്‍ നിന്നുമാണ് ലെപ്രസി (കുഷ്ഠരോഗം) ഉണ്ടാകുന്നത്. നേരത്തെ കണ്ടെത്തി ചികിത്സ നല്‍കാനായാല്‍ പൂര്‍ണമായും മാറ്റാന്‍ കഴിയുന്ന ഒന്നാണിത്. രോഗകാഠിന്യവും രോഗികളില്‍ ശാരീരികമായ വൈകല്യങ്ങള്‍ സൃഷ്ടിക്കുന്നു. മാംസം അഴുകി, അസ്ഥിയില്‍ നിന്നും അടര്‍ന്നു പോകുന്നത് രോഗ മൂര്‍ദ്ധന്യത്തില്‍ പ്രകടമാകും. ശരിയായ ചികിത്സ നല്‍കാനായാല്‍ ഈയൊരവസ്ഥ എത്തുന്നതൊഴിവാക്കാം. ശരീരത്തില്‍ സ്പര്‍ശനമറിയാനാകാത്ത അവസ്ഥ രോഗത്തിന്റെ ലക്ഷണമാണ്; അതോടൊപ്പം ചൊറിച്ചില്‍, ത്വക്കില്‍ മഞ്ഞ നിറം എന്നിവയുമുണ്ടാകും. 

കടപ്പാട് - emergingkerala.in

Donate your blood

HEALTH AWARENESS

KARUNA COMMITTIE

WEB ORGANISED

DOCUMENTARY