Contact Us Donate Now

വേദനിക്കുന്നവര്‍ക്ക് ആര് കാവല്‍ നില്‍ക്കും?

എസ് ശറഫുദ്ദീന്‍

പലപ്പോഴും നാലുചുവരുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരുന്ന ജീവിതങ്ങള്‍ക്ക് പണം ഒരാവശ്യമേ അല്ല. അവര്‍ക്ക് ഒരു കൈത്താങ്ങാണ് വേണ്ടത്. ഒന്ന് തലോടാന്‍, ഒന്നു കുളിപ്പിച്ചു കൊടുക്കാന്‍, ഒരാശുപത്രിയില്‍ രണ്ടു ദിവസം കിടക്കേണ്ടി വന്നാല്‍ അത്യാവശ്യ സമയങ്ങളിലെങ്കിലും കൂട്ടിരിക്കാന്‍, ആ ഉമ്മ ചോദിച്ച ‘സംസം’ വെള്ളം ഒന്നെത്തിച്ചുകൊടുക്കാന്‍ ഒരു തുണ.

    കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വൈകുന്നേരം സുഹൃത്തായ, കോഴിക്കോട് പൈയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ ഫോണില്‍ വിളിച്ചിട്ട് ചോദിച്ചു: ‘ഇന്ന് നീ കൂടെ വരുന്നോ?’
ജോലി എന്നതിനപ്പുറം ആതുരസേവനത്തെ തന്റെ ഉത്തരവാദിത്തമായി ഏറ്റെടുത്ത ഈ ഡോക്ടര്‍ തന്റെ ചില രോഗികളെ കാണാന്‍ വിളിക്കുന്നു. പാളയം ബസ്റാന്റില്‍ എന്നെ കാത്തുനിന്ന ഡോക്ടര്‍ക്കൊപ്പം പാളയത്തെ ഊടുവഴിയിലൂടെ ഞങ്ങള്‍ നടന്നു. ചെന്നെത്തിയത് കാലപ്പഴക്കം നന്നായി ബാധിച്ച ഒരു പഴയ ഓടുമേഞ്ഞ കെട്ടിടത്തിന്റെ ഒരറ്റത്തുള്ള മുറിക്കു മുന്നില്‍. വാതിലിനടുത്തു ചെന്ന് (വാതിലെന്ന് പറയാമോ എന്നറിയില്ല ദുര്‍ബലമായ ഒരു മറ) ഡോക്ടര്‍ നീട്ടി വിളിച്ചു: ‘ഉമ്മാ, വാതില്‍ തുറക്കൂ…’ ഉള്ളിലേക്ക് എത്തിനോക്കിയ ഡോക്ടര്‍ ‘ഉമ്മാ, തുണി ഒന്ന് നന്നാക്കിയുടുക്കാമോ, ഞങ്ങള്‍ അകത്തുവരട്ടെ’ എന്നാരാഞ്ഞു. അകത്തു കടന്നപ്പോള്‍ ‘മോനാണോ’ എന്നു ചോദിച്ചു ഉമ്മ സങ്കടങ്ങള്‍ നിരത്താന്‍ തുടങ്ങി. നടക്കാനോ ഇരിക്കാനോ കഴിയാതെ ഇഴഞ്ഞു നീങ്ങുന്ന ആ വൃദ്ധയോട് ചേര്‍ന്ന് ഡോക്ടറിരുന്നു. കൈ എടുത്ത് തന്റെ കയ്യില്‍ വച്ച് തലോടിക്കൊണ്ട് രോഗവിവരങ്ങള്‍ അന്വേഷിച്ചു. കഴിഞ്ഞ പ്രാവശ്യം പാലിയേറ്റീവ് ഹോംകെയര്‍ പ്രവര്‍ത്തകര്‍ വന്നപ്പോള്‍ കൊടുത്ത മരുന്നുകള്‍ ഡോക്ടര്‍ പരതിയെടുത്തു. പലതും കഴിക്കാത്തത് കണ്ടപ്പോള്‍ ചോദിച്ചു, സ്നേഹത്തോടെ ശാസിച്ചു നീരുവന്ന ഭാഗങ്ങള്‍ നോക്കി. ഭക്ഷണം എന്തു കഴിച്ചെന്നു ചോദിച്ച് തന്റെ ബേഗ് തുറന്ന് ഒരു കൂട് റൊട്ടി, കുറച്ച് മധുരപലഹാരങ്ങള്‍, കുടിക്കാനുള്ള പാനീയം എന്നിവ എടുത്ത് ആ വൃദ്ധക്ക് കൊടുത്തു. ഇഷ്ടത്തോടെ ആ ഉമ്മ അതില്‍ നിന്ന് കുറച്ചു കഴിക്കാന്‍ തുടങ്ങി. എന്റെ കണ്ണു നിറഞ്ഞു പോയി. പെട്ടെന്ന് മനസ്സില്‍ മിന്നിമറഞ്ഞത് മൂന്നാം ക്ളാസിലോ മറ്റോ ഉമര്‍(റ)വിനെപ്പറ്റി ‘ഖലീഫ ഉമര്‍’ എന്ന തലക്കെട്ടില്‍ ടീച്ചര്‍ പറഞ്ഞുതന്ന സുന്ദരമായൊരു കഥയാണ്. രാത്രി കാലങ്ങളില്‍ ആരുമറിയാതെ വീട്ടില്‍ അബലകളെ പരിപാലിക്കുന്ന ആ മഹാന്റെ ചരിത്രം.

     ’ഇവര്‍ക്കാരുമില്ലേ?’ ഡോക്ടറോട് ഞാന്‍ ചോദിച്ചു. “ഉമ്മയോട് ചോദിക്കൂ. നമ്മള്‍ കുറേ പറഞ്ഞു തരുന്നതിലും നേരിട്ടുള്ള അനുഭവങ്ങളാണ് മനസ്സിലാക്കാന്‍ എളുപ്പം.” ഡോക്ടര്‍ പറഞ്ഞു. ഉമ്മ മക്കളെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ ഏതോ അധോലോക കഥയാണ് കേള്‍ക്കുന്നതെന്ന് തോന്നിപ്പോയി. കള്ളിന്റെയും കഞ്ചാവിന്റെയും അടിമകളാണ് സ്വന്തം ചോരയില്‍ പലരും. അവര്‍ ആകെ ഉമ്മയുടെ അടുത്ത് വരുന്നത് പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരാനാണ്. നേരെ പറഞ്ഞാല്‍ ഈ വൃദ്ധക്ക് ആരെങ്കിലും കൊടുക്കുന്ന ചില്ലിക്കാശുകള്‍ ലഹരിക്ക് കാശില്ലാതെ വരുമ്പോള്‍ തട്ടിയെടുക്കാന്‍ അവര്‍ വരും. വാര്‍ദ്ധക്യവും രോഗങ്ങളുമായി നിന്ന് തിരിയാന്‍ ഇടമില്ലാത്ത കൊച്ചുകൂരയില്‍ ആ വൃദ്ധ ദിനരാത്രങ്ങള്‍ തള്ളിനീക്കുകയാണ്. വല്ലപ്പോഴും സുമനസ്സുകള്‍ കൊണ്ടു കൊടുക്കുന്ന ഭക്ഷണമാണ് അന്നം. കൂടെ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വരുമ്പോള്‍ കുളിപ്പിച്ചും ചികിത്സിച്ചും നോക്കുന്നതും. മലമൂത്ര വിസര്‍ജ്ജനത്തിനു പോലും അവിടെ കക്കൂസോ കുളിമുറിയോ ഇല്ല. പാത്രത്തിലോ മറ്റോ പ്രാഥമിക കൃത്യം നിര്‍വഹിച്ചു ഇഴഞ്ഞു നീങ്ങി തൊട്ടപ്പുറത്തുള്ള പൊട്ടക്കിണറ്റില്‍ ആ വൃദ്ധതന്നെ വലിച്ചെറിയുകയാണ് ഓരോ ദിവസവും.

    ഉമ്മയോട് എന്താണു വേണ്ടതെന്ന് ചോദിച്ചപ്പോള്‍ അവരുടെ വലിയൊരാവശ്യം പറഞ്ഞു: ‘എനിക്കല്‍പ്പം ‘സംസം’ വെള്ളം കൊണ്ടുതരാമോ?. കുറേയായി ആഗ്രഹിക്കുന്നു.’ ആ ഉമ്മയുടെ ജീവിതത്തെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ കണ്ണും നട്ടിരുന്നു. നമുക്ക് പോകാമെന്ന ഡോക്ടറുടെ വാക്കുകളാണ് എന്നെ തട്ടിയുണര്‍ത്തിയത്. പോക്കറ്റില്‍ നിന്ന് ഒരു തുകയെടുത്ത് ഡോക്ടര്‍ കാണാതെ ആ വൃദ്ധയുടെ കയ്യില്‍ വച്ചുകൊടുത്തു. പക്ഷേ, അതു കണ്ട ഡോക്ടര്‍ അതുള്‍കൊള്ളാത്ത ഭാവത്തില്‍ എന്നെ നോക്കി. ഇറങ്ങാന്‍ തുടങ്ങിയ ഡോക്ടറെ ഉമ്മ വീണ്ടും വിളിച്ചു. തന്റെ തലയണ പൊക്കാന്‍ പറഞ്ഞു. തലയണക്കടിയില്‍ കുറച്ച് നോട്ടുകളുണ്ട്. ഡോക്ടറോട് അത് എണ്ണാന്‍ പറഞ്ഞു. എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ ആ ഉമ്മ പറയുകയായി: മോനേ, എന്റെ മകന്‍ കാണാതിരിക്കാനാണ് ഇതൊക്കെ ഒളിപ്പിച്ചു വെക്കുന്നത്. എത്ര സംഖ്യയുണ്ട്? മോന്‍ പറ. സംഖ്യ പറഞ്ഞപ്പോള്‍ ആ ഉമ്മയുടെ മുഖത്ത് പ്രസന്നഭാവം. പക്ഷേ, അതുപയോഗിച്ച് പശിയടക്കാന്‍ ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ അവിടെ ഒരാളില്ല. തൊട്ടടുത്ത പള്ളിയില്‍ നിന്ന് മഗ്രിബ് ബാങ്ക് കേട്ടുകൊണ്ടാണ് ഞങ്ങളിറങ്ങിയത്.
പലപ്പോഴും നാലുചുവരുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരുന്ന ഈ ജീവിതങ്ങള്‍ക്ക് പണം ഒരാവശ്യമേ അല്ല. അവര്‍ക്ക് ഒരു കൈത്താങ്ങാണ് വേണ്ടത്, ഒന്ന് തലോടാന്‍, ഒന്നു കുളിപ്പിച്ചു കൊടുക്കാന്‍, ഒരാശുപത്രിയില്‍ രണ്ട് ദിവസം കിടക്കേണ്ടി വന്നാല്‍ അത്യാവശ്യ സമയങ്ങളിലെങ്കിലും കൂട്ടിരിക്കാന്‍, ആ ഉമ്മ ചോദിച്ച ‘സംസം’ വെള്ളം ഒന്നെത്തിച്ചുകൊടുക്കാന്‍ ഒരു തുണ. ഒരാഴ്ച മെഡിക്കല്‍ കോളജില്‍ കിടന്നാല്‍ കുറേയെങ്കിലും ശമനം കിട്ടുമെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ, ആരുണ്ട് കൂടെ നില്‍ക്കാന്‍?

    മഗ്രിബ് നിസ്കരിച്ചു ഞങ്ങള്‍ കയറിയത് തമിഴ് സ്വദേശികള്‍ ഒന്നിച്ചു താമസിക്കുന്ന ഒരു കോളനിയിലേക്കാണ്. അഴുകിയ വാസനയും അന്തരീക്ഷവും വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പക്ഷേ, ഡോക്ടറെ ഇതൊന്നും ബാധിക്കുന്നേയില്ല. കൊച്ചു കൂരകളിലൂടെ ഇഴഞ്ഞിഴഞ്ഞ് ലക്ഷ്യസ്ഥാനത്തെത്തി. ഒരു വൃദ്ധന്‍ കാലിലെ പഴുപ്പുമായി വേദനകൊണ്ട് പുളയുന്നു. ഡോക്ടര്‍ നന്നായി പരിശോധിച്ച് കൂടെയുള്ള മകള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു.

   ഒരുനാള്‍ മാരകരോഗം നമ്മെയും കീഴടക്കുമ്പോള്‍, മുകളില്‍ കണ്ണും നട്ട് ഒരു മിനുട്ട് കഴിഞ്ഞുപോകാന്‍ പാടുപെടുമ്പോള്‍ മാത്രമേ ഈ അവസ്ഥ നമുക്ക് മനസ്സിലാകൂ. പലപ്പോഴും നമ്മുടെ ആത്മാര്‍ത്ഥമായ കൂട്ടാണ് ഓരോ രോഗിയും ആഗ്രഹിക്കുന്നത്. അത് പണം കൊടുത്താല്‍ മാത്രം തീരുന്നതല്ല. നമ്മുടെ ചുറ്റുവട്ടങ്ങളിലെ അവശരായ രോഗികള്‍ക്ക് യഥാസമയം മതിയായ ചികിത്സ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് എന്തുകൊണ്ടാണ് കഴിയാത്തത്? കുഷ്ഠരോഗം വന്ന് എല്ലാവരും വെറുത്ത് ആട്ടിയോടിച്ച നായയെ വിജനപ്രദേശത്ത് പന്തല്‍കെട്ടി നാല്‍പതു ദിവസം പരിചരിച്ചു സുഖപ്പെടുത്തിയ രിഫാഈ ശൈഖിന്റെ ചരിത്രം നമുക്കെന്തു കൊണ്ടാണ് പാഠമാകാത്തത്?

   ഞാന്‍ ഏറെ സ്നേഹിക്കുന്ന ഒരു ഡോക്ടറുണ്ട്. അയാള്‍ പലരുടെയും സഹായത്താല്‍ മാസത്തില്‍ 500 രൂപ വീതം റേഷന്‍ പോലെ പല മാറാരോഗികളുടെ വീട്ടിലുമെത്തിക്കുന്നുണ്ട്. ഈ 500 രൂപ കൊണ്ട് എന്തു ചെയ്യാനാണെന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു. ‘ഇതു തന്നെ ധാരാളമാണ്. ബിപിഎല്ലിലും എപിഎല്ലിലും ഒന്നോ രണ്ടോ രൂപക്ക് അരികിട്ടും. കഞ്ഞിവെച്ചെങ്കിലും പട്ടിണി കൂടാതെ കഴിയാമല്ലോ എന്നാശ്വസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുണ്ട്.’ അയാള്‍ പറഞ്ഞു. രോഗികളെക്കുറിച്ചുള്ള നമ്മുടെ മനോഭാവങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഇനിയും വരേണ്ടതുണ്ട്.
ഒരിക്കല്‍ മഞ്ചേരി ഭാഗങ്ങളില്‍ പാലിയേറ്റീവ് പ്രവര്‍ത്തകരുടെ കൂടെ രോഗികളെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ മനസ്സിനെ വല്ലാതെ വേദനിപ്പിച്ച അനുഭവങ്ങളുണ്ടായി.

   മഞ്ചേരിക്കടുത്ത് ഒരുള്‍നാടന്‍ പ്രദേശത്ത് ഡോക്ടറും നഴ്സും പാലിയേറ്റീവ് പ്രവര്‍ത്തകരും അടങ്ങുന്ന ഒരു സംഘത്തോടൊപ്പം ഒരു കൊച്ചുവീട്ടില്‍ കയറി. ഡോക്ടര്‍ രോഗിയുടെ കേസ് ഫയല്‍ ആദ്യം വായിച്ചു. രണ്ടു സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടാണ്. രണ്ടുപേരും അറുപതിന് മുകളില്‍ പ്രായമുള്ളവര്‍. മൂത്ത സഹോദരി നിലത്തടിച്ചു വീണ് എല്ലുപൊട്ടി ചികിത്സയിലാണ്. കൂട്ടിന് മറ്റാരുമില്ല. ബന്ധുക്കളൊന്നും തിരിഞ്ഞു നോക്കുന്നുമില്ല. അയല്‍വാസികളില്‍ ചില സുമനസ്സുകളുടെ സഹായത്താലാണ് ആ വീട്ടില്‍ വല്ലപ്പോഴും അടുപ്പ് പുകയുന്നത്. ഡോക്ടര്‍ ഉമ്മയെ എഴുന്നേല്‍പ്പിച്ചിരുത്തി തൊട്ടടുത്തിരുന്നു രോഗവിവരങ്ങളാരാഞ്ഞു. കൈകാലുകള്‍ പതുക്കെ തലോടിക്കൊടുത്തു. നഖം നീണ്ടുവളര്‍ന്നത് കണ്ടപ്പോള്‍ കൂടെയുള്ള സിസ്ററോട് നൈല്‍കട്ടര്‍ വാങ്ങി അവരുടെ നഖങ്ങള്‍ വെട്ടിക്കൊടുത്തു. കാലിലെ നഖം വെട്ടുമ്പോള്‍ സൌകര്യത്തിന് ആ വൃദ്ധയുടെ കാല്‍ തന്റെ മടിയിലേക്കെടുത്തു വച്ചു. ഇവരുടെ മുശിഞ്ഞ വസ്ത്രങ്ങളും അന്തരീക്ഷവും തന്റെ പാന്റിന്റെ ഫ്രഷ്നെസ് നഷ്ടപ്പെടുത്തുമെന്ന് ആ ഡോക്ടര്‍ക്ക് തോന്നിയതേയില്ല. ഇവര്‍ക്ക് ജീവിക്കാനുള്ള അന്നം എവിടുന്ന് കിട്ടും എന്നതായിരുന്നു എന്റെ ആശങ്ക. ചോദിച്ചപ്പോള്‍ നോമ്പിനും മറ്റും ലഭിക്കുന്ന സഹായങ്ങളാണ് ഞങ്ങള്‍ ഒരുവര്‍ഷം തികക്കുന്നതെന്ന് അവര്‍ പറഞ്ഞു. പിന്നെ അയല്‍ക്കാരുടെ ഔദാര്യവും. ഈ കുടുംബത്തിന് കിട്ടാമായിരുന്ന ഒരു വിധവാ പെന്‍ഷന്‍ പോലും വാങ്ങിച്ചുകൊടുക്കാന്‍ കുടുംബത്തിലോ നാട്ടുകാരിലോ ഒരാളുമുണ്ടായില്ല.

   മറ്റൊരു രോഗിയുടെ വീട്ടിലെത്തിയപ്പോള്‍ അയാളും ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. ഒരപകടത്തില്‍ പെട്ട് വര്‍ഷങ്ങളായി ഒരേ കിടപ്പിലാണ്. കൂടെ വൃക്ക രോഗവും. കൃത്യമായി ചലിക്കുന്നത് അയാളുടെ മുഖം മാത്രമാണ്. തൊട്ടടുത്തിരുന്ന് കൈകള്‍ തലോടിയ ഡോക്ടറോട് (ഡോക്ടറെന്ന് വിളിക്കുന്നതിലും ഭേദം സുഹൃത്തെന്ന് വിളിക്കുന്നതായിരിക്കും) അയാള്‍ പറഞ്ഞു: നിങ്ങള്‍ എന്നെ തൊടുന്നത് ഞാനറിയുന്നേയില്ല. ഒരു പക്ഷേ, തൊലിപൊട്ടിയേക്കാം. ” ഡോക്ടര്‍ കൈ പതുക്കെ മാറ്റി. സംസാരം മാത്രം ശരീരത്തിലുള്ള ആ മനുഷ്യന്റെ ചങ്കുറപ്പ് വലിയൊരനുഭവമായിരുന്നു.

   ഉമ്മയും അവിവാഹിതയായ ഒരു സഹോദരിയുമാണ് അയാള്‍ക്കുള്ളത്. മറ്റു രോഗികളുടെ കഷ്ടപ്പാടുകളെക്കുറിച്ച് ആ മനുഷ്യന്‍ വേദനയോടെ വാചാലമാകുന്നുണ്ട്. ‘നിങ്ങളെപ്പോലുള്ളവരോട്’ സംസാരിച്ചിരിക്കുമ്പോള്‍ തന്നെ രോഗത്തിന് കുറെ ശമനമുണ്ട്. പിന്നെ പ്രകൃതിയില്‍ എന്തെല്ലാം അത്ഭുതങ്ങളാണ്.’ തന്റെ മുറ്റത്തുള്ള ഈനാംപഴത്തില്‍ രാവിലെ മുതല്‍ വന്നിരിക്കുന്ന ഓരോതരം പക്ഷികളെ പറ്റിവരെ അദ്ദേഹത്തിന് കൃത്യമായ അറിവുണ്ട്. നമ്മള്‍ നടക്കാന്‍ പോലും പ്രയാസപ്പെടുന്ന ഒരു നടപ്പാതയിലൂടെ ഒന്നിടവിട്ട ദിവസങ്ങളില്‍ സ്ടെക്ച്ചറില്‍ കിടത്തി ആ രോഗിയെ ഡയാലിസിന് കൊണ്ടു പോകുന്ന സഹോദരങ്ങളോട് എനിക്ക് വല്ലാത്ത സ്നേഹം തോന്നി. ആ വീട്ടില്‍ നിന്ന് ഞങ്ങളിറങ്ങിയെങ്കിലും ഡോക്ടര്‍ വഴിയില്‍ തന്നെ നിന്നു. സഹോദരിയെ അടുത്ത് വിളിച്ചു എന്തോ സ്വകാര്യമായി ചോദിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെയും അടുത്തേക്ക് വിളിച്ചു. ‘ഇവിടെ ഒരാടും അതിന്റെ കുട്ടികളും ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നും കാണുന്നില്ല.’ ഡോക്ടര്‍ പറഞ്ഞു. ചോദിച്ചപ്പോള്‍ സഹോദരി മിണ്ടാതെ നിന്നു. ബുദ്ധിമുട്ടിയപ്പോള്‍ ഒരോന്നിനെയും വിറ്റു തീര്‍ത്തതാണെന്ന് വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞു. കൂടെയുള്ള ഒരു വളണ്ടിയറെയും വിളിച്ചു. ഇവര്‍ക്ക് ഈ ആഴ്ചതന്നെ ഒരാടിനെ നമുക്ക് വാങ്ങിക്കൊടുക്കണമെന്ന് പറഞ്ഞു. അതിലേക്കുള്ള നല്ലൊരു തുക ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി ഡോക്ടര്‍ സ്വന്തം കീശയില്‍ നിന്ന് എടുത്തു കൊടുത്തു.

    നമ്മുടെ ചെറിയ ഖിദ്മത്തിനായി നാട്ടിന്‍ പുറങ്ങളില്‍ എത്ര രോഗികള്‍ കാത്തിരിക്കുന്നുണ്ടെന്നോ? ചികിത്സാ രംഗം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ചൂഷണ മേഖലയാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഇന്ന് നല്ല ചികിത്സകള്‍ നല്‍കുന്നുണ്ട്. വളര്‍ന്നുവരുന്ന തലമുറയില്‍ വലിയൊരു വിഭാഗം ഡോക്ടര്‍മാര്‍ സേവന സന്നദ്ധരുമാണ്. മെഡിക്കല്‍ കോളജുകളിലെ വാര്‍ഡുകളിലൂടെ നിങ്ങള്‍ സമയമെടുത്ത് രണ്ടുപ്രാവശ്യം നടക്കുക. ദയനീയമായി നമ്മെ ഉറ്റുനോക്കുന്ന ഒരുപിടി രോഗികളെ കാണാം. അവരില്‍ പലരും സര്‍ജറി ആവശ്യമുള്ളവരാണ്. മറ്റു ചികിത്സകള്‍ അടിയന്തിരമായി വേണ്ടവരാണ്. ഡോക്ടര്‍മാര്‍ക്കും ആരോരുമില്ലാത്ത ഈ രോഗികള്‍ക്കുമിടയില്‍ ഒരു സഹായിയുടെ വിടവാണുള്ളത്. ആ വിടവ് നികത്താന്‍ നമ്മുടെ തിരക്കുകളില്‍ ഒരല്പ സമയം മാറ്റിവച്ചാല്‍ ധാരാളം മതിയാകും.

   ഒരിക്കല്‍ ഒരു റിസല്‍ട്ടിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ന്യൂറോസര്‍ജറി ഡിപ്പാര്‍ട്ട്മെന്റില്‍ പോയപ്പോള്‍ ഒരു വൃദ്ധ ഡിപ്പാര്‍ട്ടുമെന്റിലെ ചെറുപ്പക്കാരനായ ഡോക്ടറോട് കണ്ണു നിറഞ്ഞു സംസാരിക്കുന്നത് കണ്ടു. മകള്‍ അവിടെ അഡ്മിറ്റാണ്. സ്കാന്‍ ചെയ്ത റിസല്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. നല്ല തലവേദനയുണ്ട്. ഉമ്മയെ ആശ്വസിപ്പിച്ചു ഈ ഡോക്ടര്‍ നേരെ റോഡിനപ്പുറത്തുള്ള സ്കാനിംഗ് സെന്ററില്‍ പോയി കുട്ടിയുടെ റിസല്‍റ്റെടുത്ത് ഉമ്മയുടെ കയ്യില്‍ കൊടുത്തു. രോഗ വിവരങ്ങള്‍ ബാധ്യപ്പെടുത്തി തുടര്‍ചികിത്സക്കുള്ള ഏര്‍പ്പാടുകളും ചെയ്തു. ഇങ്ങനെ എത്രയോ പേരുണ്ട് പുതിയ തലമുറയില്‍. ചില ഡോക്ടര്‍മാരുടെ ധാരണ തങ്ങള്‍ ഒരു പ്രത്യേകതലത്തില്‍ നിന്ന് രണ്ടാം കിടക്കാരായ രോഗികള്‍ക്ക് ആജ്ഞ നല്‍കേണ്ടവരാണെന്നാണ്. ഈ മനോഭാവം മാറിയേ പറ്റൂ.

  ഈ കുറിപ്പുകാരന്റെ അടുത്ത ഒരാള്‍ക്ക് കാലില്‍ വേദനവന്നു. വാതമാണെന്ന് ധരിച്ച് കോഴിക്കോട്ടെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ റുമറ്റോളജിസ്റിനെ കണ്ടു. അയാളുടെ നെയിം ബോര്‍ഡില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ മെഡിക്കല്‍ കോളജിലെ ബിരുദങ്ങള്‍ നിറച്ചെഴുതിയിട്ടുണ്ട്. പരിശോധനകള്‍ക്ക് ശേഷം ചില ടെസ്റുകള്‍ക്കെഴുതി. റിസല്‍ട്ടുമായി ചെന്നപ്പോള്‍ തന്റെ മുന്നിലിരിക്കുന്ന പ്രിസ്ക്രിപ്ഷനില്‍ വീണ്ടും അയാള്‍ക്ക് പറ്റുന്നത്ര (പ്രിന്റ് ചെയ്തതിനാല്‍ ടിക്ക് ഇട്ടാല്‍ മതി, എഴുതാന്‍ ബുദ്ധിമുട്ടേണ്ട) ടെസ്റുകള്‍ക്ക് കുറിച്ചു തന്നു. ഒരു ഗുളികക്കും എഴുതി. അത് കഴിക്കുന്നത് സംബന്ധിച്ച് ഒരു സംശയം വന്നപ്പോള്‍ ഡോക്ടറുടെ ഫോണ്‍ നമ്പറിന്ന് കൂടെയുള്ള സിസ്ററിനോട് ചോദിച്ചു. ‘അയ്യോ സാറിന്റെ നമ്പര്‍ തരാന്‍ അനുവാദമില്ല.’ ഇതെങ്ങനെ കഴിക്കണമെന്നായി ഞാന്‍. ഒരാഴ്ച വെയ്റ്റ് ചെയ്യാനാണ് യാതൊരു പ്രയാസവുമില്ലാതെ സിസ്റര്‍ പറഞ്ഞത്. ഇത് വാതമല്ലെന്ന് പിന്നീട് മനസ്സിലായി. മറ്റൊരു ആശുപത്രിയിലെ ഒരു വാസ്ക്കുലാര്‍ സര്‍ജനെ കാണിച്ചപ്പോള്‍ ചെറിയൊരു ടെസ്റിലൂടെ ഡോക്ടര്‍ രോഗം കണ്ടെത്തി. രണ്ടാഴ്ചത്തെ പൂര്‍ണ വിശ്രമമായിരുന്നു ആ മിടുക്കനായ ഡോക്ടറുടെ പ്രധാന മരുന്ന്. 15,000ത്തോളം രൂപ മുടക്കി പരിശോധനകള്‍ നടത്തിയത് എന്തിനാണെന്ന് എനിക്കോ രണ്ടാമത് പരിശോധിച്ച ഡോക്ടര്‍ക്കോ ഇന്നും മനസ്സിലായിട്ടില്ല.

   ചൂഷണത്തിന്റെ ചെറിയൊരു ചിത്രം വരച്ചുകാട്ടാനാണ് ഇത്രയുമെഴുതിയത്. നമ്മള്‍ മാറാരോഗികള്‍ക്ക് വാങ്ങുന്ന വിലപിടിച്ച പല മരുന്നുകളും 50-60ശതമാനം വിലക്കുറവില്‍ ഹോള്‍സെയില്‍ മരുന്നു ഷോപ്പുകളില്‍ ലഭിക്കുമെന്ന് എത്രപേര്‍ ചിന്തിക്കാറുണ്ട്. ഒരു പക്ഷേ, പാവപ്പെട്ട രോഗികള്‍ക്കായി നാം പണം പിരിച്ചെടുത്തതാകാം. 5000 രൂപക്ക് കിട്ടുന്ന മരുന്ന് 10000വും അതിലധികവും നല്‍കി വാങ്ങുമ്പോള്‍ നാം എത്ര ലാഘവത്തോടെയാണ് സമീപിക്കുന്നത്. രോഗം വല്ലാത്തൊരവസ്ഥയാണ്. ശാരീരികമായി മാത്രമല്ല മാനസികമായും രോഗി തളര്‍ന്നിരിക്കുമ്പോള്‍ നമ്മുടെ ഒരു കൈത്താങ്ങ് അത് വലിയൊരാശ്വാസമാണ്. ഒരു വൃക്ക രോഗിയുണ്ട്; ഒരു വരുമാനവുമില്ലാത്ത മനുഷ്യന്‍. ഓരോ മാസവും 3000വും അതിലധികവും രൂപയുടെ മരുന്നുകള്‍ വേണം. കഴിഞ്ഞ ദിവസം അയാള്‍ എന്നോട് ചോദിച്ചു: ‘അടുത്ത മാസത്തെ മരുന്നിന് ഞാനെന്തു ചെയ്യും?’ ‘ഇതുവരെ കിട്ടിയില്ലേ ഇന്‍ശാ അല്ലാ കിട്ടുമെ’ന്ന് പറഞ്ഞപ്പോള്‍ ആ നല്ല മനുഷ്യന്‍ പറയുന്നു: ‘ഞാന്‍ എപ്പോഴും പടച്ചോനോട് പറയുന്നത് ഡയാലിസിസ് തുടങ്ങാന്‍ ഡോക്ടര്‍ പറയരുതേ എന്നാണ്. അതുകൂടി തുടങ്ങിയാല്‍ എന്റെ ഭാര്യയും മക്കളും എവിടെപ്പോവും.’ ഒരു ശരാശരി രോഗിയുടെ ചിന്തയാണിത്.

   ഇവര്‍ക്കൊരു കൈത്താങ്ങാവാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആരാണവര്‍ക്കുണ്ടാവുക. നമ്മുടെ നാടുകളില്‍ ഇത്തരം രോഗികള്‍ക്ക് മരുന്നും ഭക്ഷണവും അന്തിയുറങ്ങാന്‍ ഒരു കിടപ്പാടവുമുണ്ടെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണം. ഇത് നമ്മുടെ പ്രാഥമിക കര്‍ത്തവ്യമാണ്. അവശരായ രോഗികളെയും കുടുംബത്തെയും സഹായിക്കാന്‍ ഞങ്ങളുണ്ട് എന്ന് ധൈര്യമായി പറയാന്‍ കഴിയുമ്പോഴും ആ വഴിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തു കൊടുക്കുമ്പോഴുമാണ് ഒരിസ്ലാമിക പ്രവര്‍ത്തകന്റെ പ്രബോധനം പൂര്‍ണതലത്തിലെത്തുന്നത്.

Donate your blood

HEALTH AWARENESS

KARUNA COMMITTIE

WEB ORGANISED

DOCUMENTARY