Contact Us Donate Now

കാന്‍സര്‍: സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

അലി നിസാം കോല്‍ക്കാട്ടില്‍ ഗവ. കില്‍പോക്ക് മെഡിക്കല്‍ കോളജ്, ചെന്നൈ

ആധുനിക കാലത്ത് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ എത്രത്തോളം വിജയിച്ചു എന്ന ചര്‍ച്ച ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പല കേസുകളിലും പ്രാരംഭദിശയിലുള്ള രോഗനിര്‍ണയവും ഉടനെത്തന്നെയുള്ള ചികിത്സയും രോഗം പൂര്‍ണമായും ഭേദമാകാന്‍ സഹായിക്കുന്നു എന്ന പഠനങ്ങളും അനുഭവങ്ങളും തെളിയിച്ചിട്ടുണ്ട്. കാന്‍സറിനു കാരണമാകുന്ന മാരകവസ്തുക്കളെ തിരിച്ചറിയാനാവുമെങ്കില്‍ ഒരു പരിധി വരെ കാന്‍സറിനെ നിയന്ത്രിക്കുകയും തുടച്ചുനീക്കുകയും ചെയ്യാം. താഴെ പറയുന്നവയാണ് കാന്‍സറിന്റെ പ്രധാന കാരണങ്ങള്‍.

കാന്‍സര്‍ കാരണങ്ങള്‍

കാന്‍സറിന് വിഭിന്നങ്ങളായ കാരണങ്ങളാണുള്ളത്. കാന്‍സര്‍ വളര്‍ച്ച അതിനെ സഹായിക്കുന്നതോ ചെറുക്കുന്നതോ ആയ ചില പ്രത്യേക ഘടകങ്ങളുടെ സാന്നിധ്യത്തെ ആശ്രയിച്ചിരിക്കുന്നു.

ഇന്ത്യയിലെ കാന്‍സര്‍ മാരണങ്ങളുടെ മുഖ്യകാരണങ്ങളില്‍ ഒന്നാകുന്നു പുകവലി. അതു ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി, ആഗ്നേയഗ്രന്ഥി, ഉദരം, കരള്‍, വൃക്കകള്‍, വന്‍കുടല്‍, ആമാശയം, മലാശയം എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധയ്ക്ക് കാരണമായേക്കും. പാസീവ് (നിഷ്‌ക്രിയമായ) പുകവലിയും ശ്വാസകോശ അര്‍ബുദത്തിലേക്കു നയിക്കും.

ആധുനിക ഭക്ഷണരീതി വര്‍ധിച്ചുവരുന്ന കാന്‍സര്‍ കാരണങ്ങളില്‍ ഒന്നാകുന്നു. പ്രത്യേകിച്ചു റെഡ് മീറ്റ്. സ്ത്രീകളുടെ രക്തത്തിലെ അമിതമായ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് രോഗസാധ്യത ഉയര്‍ത്തും. പ്രത്യേകിച്ചു സ്തനം, ഗര്‍ഭാശയ കാന്‍സര്‍.

ഉപ്പിലിട്ടത്, അച്ചാറുകള്‍, പുകയാളിയതോ കരിക്കപ്പെട്ടതോ ആയ ഭക്ഷണങ്ങളും കാന്‍സറിനു കാരണമാകുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കാന്‍സര്‍ പ്രതിരോധത്തിനു സഹായിക്കും. അള്‍ട്രാവയലറ്റ് റേഡിയേഷന്‍, എക്‌സ് റേ എന്നിവ കോശങ്ങളിലെ ജനിതക സംവിധാനങ്ങളെ മാറ്റം വരുത്തി ത്വക് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും.

പാരമ്പര്യവും കാന്‍സര്‍ സാധ്യത ഉയര്‍ത്തുമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നു.

ആര്‍സനിക്, ആസബസ്റ്റോസ്, ബെന്‍സീന്‍, ഉപയോഗശൂന്യമായ ഡീസല്‍ എന്നീ രാസവസ്തുക്കളുമായുള്ള തുറന്ന ബന്ധപ്പെടല്‍ നിങ്ങളെ കാന്‍സര്‍രോഗിയാക്കും. തുടര്‍ച്ചയായുള്ള വൈദ്യപരിശോധനകള്‍ കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്നു.

ഈ രോഗം അതിന്റെ മൂര്‍ധന്യത്തിലെത്തിയതിനു ശേഷമാണ് പലപ്പോഴും ഡോക്ടറുടെ സേവനം ലഭ്യമാകാറുള്ളത്. ഇത് നമ്മുടെ പരിമിതമായ തിരിച്ചറിവിന്റെ ഫലമാണ്.

കാന്‍സര്‍ അപായ സൂചനകള്‍

കാന്‍സര്‍ തുടക്കത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ മഹാമാരിയെ ഫലപ്രദമായി നേരിടാം. താഴെ പറയുന്നവയാണ് രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങളായി പൊതുവെ കണക്കാക്കപ്പെടുന്നത്.

1. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പുണ്ണ്. പ്രത്യേകിച്ച് വായ, നാക്കിന്‍ത്തുമ്പ് എന്നിവിടങ്ങളില്‍. പുകവലി, പാന്‍പരാഗ്, മൂര്‍ച്ചയുള്ള പല്ല്, ഉചിതമല്ലാത്ത വയ്പ്പുപല്ലുകള്‍ എന്നിവയുടെ അനന്തരഫലമായി ഉണ്ടാകാവുന്നതും ദീര്‍ഘകാലമായി നിലനില്‍ക്കുന്നതും. പുണ്ണുകള്‍ക്കു ശ്രദ്ധ കൊടുത്തില്ലെങ്കില്‍ കാന്‍സറായി മാറിയേക്കും. സാധാരണയായുള്ള വായ്പുണ്ണ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവുന്നതാണ്. മാറാത്ത പുണ്ണുകള്‍ക്കു ഡോക്ടറെ സമീപിക്കുക.

2. മുമ്പ് ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത മുഴകള്‍. പ്രത്യേകിച്ച് സ്ത്രീകളില്‍ കാന്‍സറിന്റെ ലക്ഷണമാവാം. ഇത് തുടക്കത്തിലെ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ.

3. ദേഹദ്വാരങ്ങളില്‍ നിന്ന് അസാധാരണമായോ പ്രത്യേക കാര്യകാരണങ്ങളില്ലതെയുള്ള രക്തചൊരിച്ചില്‍.

4. രക്തം ഛര്‍ദിക്കല്‍, മൂത്രത്തിലെ രക്തം, മലാശയങ്ങളിലെ രക്തചൊരിച്ചില്‍ എന്നിവ കാന്‍സറിന്റെ പൊതു ലക്ഷണമാണ്.

5. സ്ത്രീകളില്‍ ആര്‍ത്തവ ചക്രങ്ങള്‍ക്കിടയിലോ ആര്‍ത്തവ വിരാമത്തിനു ശേഷമോ ഉള്ള രക്തസ്രാവം ഗര്‍ഭകോശ കാന്‍സറിന്റെ ആദ്യലക്ഷണങ്ങളാണ്.

6. സ്ഥിരമായുള്ള ദഹനക്കേട്, അസാധാരണമായ മലവിസര്‍ജനം സാധാരണയായി മറ്റു പല കാരണങ്ങളാലും ഉണ്ടാവാറുണ്ടെങ്കിലും ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.

7. വിട്ടുമാറാത്ത ചുമ, തൊണ്ടയടപ്പ് എന്നിവ ഡോക്ടറുടെ സൂക്ഷ്മമായ പരിശോധന അര്‍ഹിക്കുന്ന രോഗലക്ഷണങ്ങളാകുന്നു. ഇത് ഒരുപക്ഷേ ശബ്ദനാളത്തിന്റെയോ ശ്വാസകോശത്തിന്റെയോ കാന്‍സര്‍ കൊണ്ടാകാം.

8. അകാരണമായ ഭാരക്കുറച്ചില്‍. ഇത് മറഞ്ഞിരിക്കുന്ന കാന്‍സറിന്റെ ലക്ഷണങ്ങളാകാം.
ഇതില്‍ ഏതെങ്കിലും നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയും നിങ്ങള്‍ മധ്യപ്രായ പരിധിയില്‍ പെടുകയുമാണെങ്കില്‍ ഡോക്ടറെ കാണല്‍ ഉചിതമായിരിക്കും.

മേല്‍ പറഞ്ഞ കാരണങ്ങളും ലക്ഷണങ്ങളും ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ കാന്‍സറില്‍ നിന്നു രക്ഷനേടാം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.