KARUNA PAIN & PALLIATIVE CARE SOCIETYMARANCHERY - MALAPPURAM - KERALA |
പാലിയേറ്റീവ് കെയര്‍ രോഗത്തിന്റെ ചികില്‍സയല്ല; അസുഖത്തിന്റെ ചികില്‍സയാണ്. രോഗം കാന്‍സര്‍ അല്ലെങ്കില്‍ എയ്ഡ്സ് അല്ലെങ്കില്‍ മറ്റെന്തുമാകട്ടെ. അസുഖങ്ങള്‍ ഏറെയുണ്ടാകാം. അതില്‍ രോഗത്തിന്റെ അനുബന്ധ പ്രശ്നങ്ങളായ വേദന, ശ്വാസതടസ്സം, ഛര്‍ദി, വിഷാദം, മനോവിഷമങ്ങള്‍ എല്ലാമുള്‍പ്പെടുന്നു. രോഗചികില്‍സ തുടരുന്നതിനൊപ്പം ഇപ്പറഞ്ഞ അസുഖങ്ങളെക്കൂടി കണ്ടറിഞ്ഞുള്ള സാന്ത്വനവും മരുന്നുമാണു പാലിയേറ്റീവ് കെയര്‍.
ജീവനു കടുത്ത ഭീഷണിയുയര്‍ത്തുകയും ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങള്‍ക്കും അക്ഷരാര്‍ഥത്തിലുള്ള രോഗചികില്‍സയ്ക്കൊപ്പം പാലിയേറ്റീവ് കെയറും ആവശ്യമാണ്. പാലിയേറ്റീവ് കെയര്‍ എന്നാല്‍ വെറും സ്നേഹചികില്‍സ മാത്രവുമല്ല. രോഗിയുടെ വൈകാരിക, സാമൂഹിക പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമാകുന്ന സമഗ്ര ശുശ്രൂഷയാണു പാലിയേറ്റീവ് കെയര്‍. ഇതോടെ എല്ലാം തീര്‍ന്നു എന്ന ചിന്ത മാരകരോഗങ്ങള്‍ പിടിപെടുന്ന മിക്ക രോഗികള്‍ക്കുമുണ്ടാകും, ദൈവം എന്തിനിങ്ങനെ ശിക്ഷിച്ചു എന്ന വിചാരം. ചികില്‍സ സ്വീകരിക്കാനുള്ള വൈമുഖ്യം പ്രകടിപ്പിക്കാം. ഒറ്റപ്പെടാനുള്ള പ്രവണത കാട്ടാം. അകാരണമായ ദേഷ്യം, വിഷാദം എന്നിവയുമുണ്ടാകാം. രോഗത്തിന്റെ വൈഷമ്യങ്ങള്‍ കൂട്ടുന്ന തരത്തിലുള്ള വിപരീത ചിന്തകളാവും രോഗിക്ക് ഏറെയും.
ചികില്‍സയുടെ ഉയര്‍ന്ന പണച്ചെലവ്, സാമ്പത്തിക പ്രയാസം, തൊഴില്‍ നഷ്ടമാകല്‍ എന്നിവയും രോഗിയെ മാനസികമായി അലട്ടും. ഈ പ്രശ്നങ്ങള്‍ക്കെല്ലാം ആശ്വാസവും ഉത്തരവുമാകാന്‍ പാലിയേറ്റീവ് കെയറിനു കഴിയും. ജീവിതത്തില്‍ നഷ്ടമാകുമെന്നു രോഗി ഭയക്കുന്ന അന്തസ് ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ. അര്‍ഹമായ മാന്യതയും മൂല്യവും തന്റെ ജീവിതത്തിനുണ്ടെന്ന വിശ്വാസത്തിലേക്കു രോഗിയെ കൊണ്ടുവരികയാണു പാലിയേറ്റീവ് കെയറില്‍. പാലിയേറ്റീവ് കെയര്‍ എന്നാല്‍ ടോട്ടല്‍ കെയര്‍ എന്നു തന്നെയാണ് അര്‍ഥം.
പാലിയേറ്റീവ് കെയര്‍ ആര്‍ക്കൊക്കെ? എല്ലാം കഴിഞ്ഞുവെന്നതിന്റെ പ്രഖ്യാപനമാണോ പാലിയേറ്റീവ് കെയര്‍? ഒരിക്കലുമല്ല. പാലിയേറ്റീവ് കെയറിനെ സംബന്ധിച്ച പ്രധാന തെറ്റിദ്ധാരണയും അതാണ്. ജീവിതാന്ത്യത്തെ മുഖാമുഖം കാണുന്ന രോഗികള്‍ക്കു പാലിയേറ്റീവ് കെയര്‍ വേണമെന്നുള്ളതു സത്യം. ഗുരുതര രോഗങ്ങളുടെ പിടിയിലാണെങ്കിലും ഇനിയും ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ സാധ്യതയുള്ള രോഗികള്‍ കൂടി പാലിയേറ്റീവ് കെയറിന്റെ പരിധിയില്‍ വരുന്നുണ്ട്. അതിനാല്‍ പാലിയേറ്റീവ് കെയറിനു വിധേയരാകുമ്പോള്‍ ഇനി വിധിച്ചതു മരണം മാത്രമാണെന്ന വിശ്വാസം ശരിയല്ല. മാത്രമല്ല പാലിയേറ്റീവ് കെയറിന്റെ ഭാഗമായ സ്നേഹപരിചരണങ്ങള്‍ ജീവിതം വീണ്ടെടുക്കാമെന്ന വിശ്വാസം ഒന്നുകൂടി അടിച്ചുറപ്പിക്കുന്നതുമാണ്.
മറ്റു ചികില്‍സകളെല്ലാം നിഷ്ഫലമാകുമ്പോള്‍ പരീക്ഷിക്കേണ്ട തുറുപ്പുചീട്ടല്ല പാലിയേറ്റീവ് കെയര്‍. ദീര്‍ഘമായ ചികില്‍സാകാലത്തുടനീളം രോഗിയെ തീവ്രവേദന സഹിക്കാന്‍ വിട്ടശേഷം പ്രതീക്ഷയില്ലെന്നു കാണുമ്പോഴല്ല പാലിയേറ്റീവ് കെയര്‍ നല്‍കേണ്ടത്. രോഗചികില്‍സയ്ക്കൊപ്പം തുടക്കം മുതല്‍ തന്നെ പാലിയേറ്റീവ് കെയറിന്റെ താങ്ങു വേണം. ഗുരുതരമായ രോഗമാണെന്ന അറിവ് രോഗിക്ക് ആഘാതമാകുന്ന ആദ്യഘട്ടത്തില്‍ സാന്ത്വനത്തിന്റെ പ്രാധാന്യം ഏറെയാണ്. ഈ സമയത്തു കിട്ടുന്ന ആശ്വാസം രോഗത്തെ അതിജീവിക്കാന്‍ രോഗിയെ ഏറെ സഹായിക്കുകയും ചെയ്യും. റേഡിയോതെറപ്പി, കീമോതെറപ്പി, സര്‍ജറി തുടങ്ങി ചികില്‍സയുടെ എല്ലാ ഘട്ടങ്ങളിലും പാലിയേറ്റീവ് കെയര്‍ ആശ്വാസം നല്‍കും.
സാന്ത്വനം ഏതെല്ലാം രോഗങ്ങള്‍ക്ക് ?പാലിയേറ്റീവ് കെയര്‍ സാന്ത്വനം നല്‍കുന്നതു രോഗിക്കു മാത്രമല്ല, രോഗിയുടെ കുടുംബത്തിനു കൂടിയാണ്. അതിനാല്‍ത്തന്നെ ഇതിന്റെ ഫലം രോഗിയുടെ മരണശേഷവും നിലനില്‍ക്കും. കാന്‍സറിനും എയ്ഡ്സിനും മാത്രമാണു പാലിയേറ്റീവ് കെയര്‍ വേണ്ടിവരുന്നതെന്ന ചിന്തയുണ്ട്. ഇതും ശരിയല്ല. ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ജീവിതത്തെ തകിടംമറിക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങള്‍ക്കും പാലിയേറ്റീവ് കെയര്‍ നല്‍കണം. ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, നീണ്ടകാലം നില്‍ക്കുന്ന ശരീരവേദനകള്‍ എന്നിവയ്ക്കു പാലിയേറ്റീവ് കെയര്‍ വേണം.
ചികില്സമോര്ഫിന് എന്ന വേദനസംഹാരിയാണു സാന്ത്വന ചികില്‍സയില്‍ വേദന ഇല്ലാതാക്കാന്‍ നല്‍കുന്നത്. രോഗികളില്‍ മൂന്നിലൊന്നുപേര്‍ക്കും മോര്‍ഫിന്‍ ഫലപ്രദമാണ്. വേദനയുടെ സ്വഭാവമനുസരിച്ചു മറ്റു വേദനസംഹാരികളുമായി ചേര്‍ത്തു മോര്‍ഫിന്‍ ഉപയോഗിക്കുന്നു. പാലിയേറ്റീവ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മോര്‍ഫിന്‍ മന്ദതയുണ്ടാക്കുമെന്ന ഭയം ശരിയല്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരിയായ അളവില്‍ മരുന്നു നല്‍കിയാല്‍ പ്രശ്നമുണ്ടാവില്ല. മോര്‍ഫിന്‍ കൊണ്ടു ഫലമില്ലാത്ത വേദനകള്‍ക്ക് ഈ മരുന്നു കൊടുക്കുമ്പോള്‍ മാത്രമാണു പ്രശ്നം. മോര്‍ഫിന്‍ അഡിക്ഷന്‍ ഉണ്ടാക്കുമെന്ന ധാരണ തെറ്റാണെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.
മോര്‍ഫിനോ മറ്റു വേദനസംഹാരികളോ ഉപയോഗിച്ചുള്ള ചികില്‍സ പാലിയേറ്റീവ് കെയറിന്റെ ഒരു ഭാഗം മാത്രം. രോഗിക്കു മാനസികമായ കരുത്തു പകരുന്ന, ക്ഷമയോടെയുള്ള പരിചരണവും സാന്ത്വനവുമാണു പാലിയേറ്റീവ് കെയറിന്റെ ജീവന്‍. കേരളത്തിലൊട്ടാകെ നൂറിലേറെ പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മിക്കതും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലുള്ളതാണ്. രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ചുള്ള പരിചരണമാണു മിക്ക സന്നദ്ധസംഘടനകളും നടത്തുന്നത്. മരണമടയുന്ന രോഗികളുടെ നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ പോലും ഏറ്റെടുത്തു നടത്തുന്ന സംഘടനകളുണ്ട്. കുട്ടികളുടെ ഭാവികാര്യങ്ങളുടെ ഉത്തരവാദിത്തമേല്‍ക്കാന്‍ തയാറുള്ള ആരെങ്കിലുമുണ്ടെന്ന വിശ്വാസംതന്നെ മരണം കാത്തുകഴിയുന്ന രോഗിക്കു പകരുന്ന ആശ്വാസം വലുതാണ്.
പാലിയേറ്റീവ് കെയര്‍ നല്‍കാന്‍ കുടുംബാംഗങ്ങള്‍, വോളന്റിയര്‍മാര്‍, പ്രഫഷനലുകള്‍ തുടങ്ങി എല്ലാവര്‍ക്കും കഴിയും. പ്രഫഷനല്‍ യോഗ്യത നേടിയവരുടെ മേല്‍ നോട്ടം ഉണ്ടാകേണ്ടതുണ്ടെങ്കിലും ഇപ്പോള്‍ ലഭ്യമായ പരിശീലനം നേടിയവര്‍ക്കു പാലിയേറ്റീവ് കെയര്‍ നല്‍കാം. മുറിവുകള്‍ ഡ്രസ് ചെയ്യുക, ട്യൂബ് ഫീഡിങ്, സ്കിന്‍ കെയര്‍, മൌത്ത് കെയര്‍ തുടങ്ങി അടിസ്ഥാന നഴ്സിങ് ജോലികള്‍ അറിയാവുന്നവരായിരിക്കണം ചികില്‍സകര്‍. ഒപ്പം കൌണ്‍സലിങ് പാടവവും വേണം.
(കടപ്പാട്: .ഡോ. എം.ആര്‍. രാജഗോപാല്‍, ചെയര്‍മാന്‍, 'പാലിയം ഇന്ത്യ' പാലിയേറ്റീവ് മെഡിസിന്‍ പ്രഫസര്‍, എസ്യുടി അക്കാദമി ഒാഫ് മെഡിക്കല്‍ സയന്‍സസ്, തിരുവനന്തപുരം)