മാറാരോഗങ്ങളുടേയും വാര്‍ധക്യ രോഗങ്ങളുടേയും വേദനയിലും മാനസിക സംഘര്‍ഷങ്ങളിലും ദുരിതമനുഭവിക്കുന്ന രോഗിയുടേയും കുടുംബത്തിന്റേയും ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനായി 2004 ഫെബ്രുവരി മുതല്‍ മാറഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക പങ്കാളിത്തത്തോടെയുള്ള സാന്ത്വന പരിചരണ കൂട്ടായ്മയാണ് 'കരുണ' പെയ്ന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി.
കഠിനവേദന കടിച്ചമര്‍ത്തിക്കഴിയുന്ന കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ആരംഭിച്ച ഈ കൂട്ടായ്മ പക്ഷാഘാതം, തളര്‍വാതം, വാര്‍ധക്യം, അപകടം തുടങ്ങിയ കാരണങ്ങളാല്‍ കിടപ്പിലായവര്‍, വൃക്കരോഗികള്‍, ദീര്‍ഘകാല മാനസിക രോഗികള്‍, തുടര്‍ചികിത്സ ആവശ്യമായ അപസ്മാര രോഗികള്‍ തുടങ്ങിയ ഒട്ടനവധി ദീര്‍ഘകാല രോഗികള്‍ക്ക് ആശ്വാസവും പരിചരണവും നല്‍കി വരുന്നു.
ആശുപത്രിയിലോ ക്ളിനിക്കിലോ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഡോക്ടര്‍മാരും നഴ്സുമാരും പരിശീലനം സിദ്ധിച്ച വളണ്ടിയര്‍മാരുമടങ്ങുന്ന സംഘം രോഗികളുടെ വീടുകളിലെത്തി മരുന്നിനും ചികിത്സക്കുമൊപ്പം അവരുടെ വേദനകളില്‍ പങ്കാളികളായി കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവും നല്‍കുന്നു.
വാക്കുകളില്‍ സ്നേഹവും കണ്ണുകളില്‍ കാരുണ്യവും കൈകളില്‍ ആശ്വാസമരുന്നുകളുമായെത്തുന്ന ഈ സ്നേഹത്തിന്റെ മാലാഖമാരെ ജീവിതത്തെക്കുറിച്ചും രോഗശമനത്തെക്കുറിച്ചും നഷ്ടപ്പെട്ടുപോയ പ്രതീക്ഷകളെ തിരിച്ചുപിടിക്കുന്നതിന്റെ ആത്മവിശ്വാസത്തോടെയാണ് രോഗികളും കുടുംബങ്ങളും വരവേല്‍ക്കുന്നത്.
അതികഠിനമായ വേദനമൂലമുള്ള ഉറക്കമില്ലായ്മ, ശയ്യാവൃണം, മലബന്ധം, ശ്വാസതടസ്സം, മൂത്രസംബന്ധമായ ബുദ്ധിമുട്ടുകള്‍ രോഗികളനുഭവിക്കുന്ന അതിസങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തി പരിചരണവും ചികിത്സയും ലഭ്യമാക്കുന്നു. ആംബുലന്‍സ് സര്‍വ്വീസ്, വീല്‍ചെയര്‍, ക്രച്ചസ്, വാക്കര്‍, വാട്ടര്‍ബെഡ് എന്നിവ ലഭ്യമാക്കല്‍, മാനസിക രോഗികള്‍ക്ക് ചികിത്സയും സൌജന്യ മരുന്ന് വിതരണവും, വൃക്കരോഗികള്‍ക്ക് സൌജന്യ മരുന്ന് വിതരണം ഡയാലിസിസിന് ധനസഹായം തുടങ്ങി കരുണയുടെ സേവനങ്ങളുടെ പട്ടിക നീണ്ടതാണ്. മാറാരോഗികളുടെ കരളുപിടക്കുന്ന വേദനയില്‍ നിന്ന് ആശ്വാസമേകല്‍ മാത്രമല്ല തങ്ങളുടെ ചുമതലയെന്ന് കരുണയുടെ പ്രവര്‍ത്തകര്‍ തിരിച്ചറിയുന്നു. രോഗക്കിടക്കയില്‍ നിന്ന് അവരെ കൈപ്പിടിച്ച് എഴുന്നേല്‍പിച്ച് അവരുടെ പഴയ ജീവിതം തിരികെപ്പിടിക്കാനുള്ള കുഞ്ഞുകുഞ്ഞു ശ്രമങ്ങളും നടത്തി വരുന്നു. പാവപ്പെട്ട രോഗികളുടെ കുടുംബങ്ങള്‍ക്ക് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധന സഹായങ്ങള്‍, രോഗികള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം, നിര്‍ധന രോഗികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടങ്ങിയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഇവയിലുള്‍പ്പെടുന്നു.
സ്നേഹത്തിന്റേയും പരിലാളനയുടേയും സമാശ്വാസവുമായി സേവനത്തിനിറങ്ങുന്നവരില്‍ വിദ്യാര്‍ഥികള്‍ തൊട്ട് വാര്‍ധക്യത്തില്‍ വിശ്രമജീവിതം നയിക്കുന്നവര്‍ വരെയുണ്ട്. വീട്ടമ്മമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ന• നിറഞ്ഞ പ്രവൃത്തിയില്‍ സ്വയം പങ്കാളികളാകുന്നു. നേരിട്ട് സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ അവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പലവിധത്തില്‍ സഹായങ്ങള്‍ നല്‍കുന്നു.
കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഒരു ഭാഗത്തായിരുന്നു കരുണയുടെ ക്ളിനിക്ക് പ്രവര്‍ത്തിച്ചിരുന്നത്. കരുണയുടെ ചിരകാല സ്വപ്നമായിരുന്ന സ്വന്തമായൊരു കെട്ടിടത്തിലെ സാന്ത്വന സംവിധാനം 'കരുണാ ഭവന്‍' ഗ്രൌണ്ട് ഫ്ളോര്‍ ഉദ്ഘാടനത്തോടെ പൂവണിഞ്ഞിരിക്കുന്നു. ഒന്നാം നിലയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പുരോഗമിച്ചു വരുന്നു. ചാരിറ്റി ബോക്സില്‍ നിക്ഷേപിക്കുന്ന നാണയത്തുട്ടുകള്‍ മുതല്‍ ഗള്‍ഫ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഉദാരമതികളുടെ നിര്‍ലോഭമായ സംഭാവനകള്‍ വരെ കരുണയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന ഘടകങ്ങള്‍ നിരവധിയാണ്. കരുണാഭവന് സൌജന്യമായി 11 സെന്റ് സ്ഥലം അനുവദിച്ച ടി.എ.നാസര്‍, ടി.എ.ശുക്കൂര്‍, ടി.എ.സുധീര്‍ സഹോദരങ്ങള്‍, ശ്രീ. റിയാസ് അബ്ദുല്‍ നാസറിന്റെ സഹായത്തോടെ പിന്തുണയോടെ കെട്ടിടത്തിന്റെ നിര്‍മ്മാത്തിന് പ്രഥമ ഫണ്ടായി 25 ലക്ഷം രൂപ നല്‍കിയ കുവൈറ്റിലെ നാഷണല്‍ ഇവെസ്റ്മെന്റ് കമ്പിനി, ആംബുലന്‍സ് വാങ്ങിത്തരികയും കെട്ടിടത്തിന്റെ ഒന്നാം നിലയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്ത ഖത്തറിലെ സഫാരി ഗ്രൂപ്പ് എം.ഡി. ശ്രീ. മഠപ്പാട്ട് അബൂബക്കര്‍ തുടങ്ങിയവരുടെ സഹായങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്. നാളിതുവരെ കരുണയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കിയ എല്ലാ സുമനസ്സുകളേയും നന്ദി പൂര്‍വ്വം സ്മരിക്കുകയും തുടര്‍ന്നും സഹായ ഹസ്തങ്ങളുണ്ടാവണമെന്നഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.