വാര്‍ധക്യത്തിന്‍െറ പ്രശ്നങ്ങള്‍

ഡോ. സി.ജെ. ജോണ്‍

ഇന്നത്തെ സമൂഹം ഏറെ ഭയപ്പെടുന്നത് മരണത്തെക്കാളുപരി വാര്‍ധക്യത്തെയാണ്. പണ്ടത്തെ അപേക്ഷിച്ച് പ്രായമുള്ളവര്‍ക്ക് സോഷ്യല്‍ സപ്പോര്‍ട്ട് നഷ്ടപ്പെടുന്നുവെന്നതാണ് ഇതിന് കാരണം. സാമൂഹികമായ ഒറ്റപ്പെടല്‍ ഭീതിദമായ അവസ്ഥയാണ്. ജീവിത സായാഹ്നത്തില്‍ ആര്‍ക്കും വേണ്ടാതെ ഒന്നിനും കൊള്ളാത്തവരായി കഴിയേണ്ടിവരുന്നവര്‍ ഒരിക്കല്‍ സ്വന്തം വീട്ടിലെങ്കിലും കിരീടംവെക്കാത്ത രാജാവായി വാണവരാണല്ളോ. ഈ അവസ്ഥയില്‍ നിന്ന് വളരെ താഴോട്ട് ചെന്ന് തീരെ പരിതാപകരമായ ജീവിതചുറ്റുപാടുകളില്‍ കഴിയേണ്ടിവരുന്ന അവസ്ഥ അചിന്ത്യമാണ്.
പത്രങ്ങളുടെ ചരമക്കോളങ്ങളില്‍ ഇന്ന് ആത്മഹത്യ ചെയ്യുന്ന വൃദ്ധരുടെ വാര്‍ത്തപെരുകുകയാണ്. ആത്മീയതയുടെ പിന്‍ബലമില്ലാത്തവരിലും പുതിയ ജീവിത സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മനക്കട്ടിയില്ലാത്തവരിലുമാണ് ഈ പ്രവണത ഏറുന്നത്.
രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥിതി ഇതായിരുന്നില്ല. അന്ന് നരച്ചമുടിയും താടിയും സാമൂഹിക അംഗീകാരത്തിന്‍െറ ചിഹ്നങ്ങളായിരുന്നു. തല നരച്ച ഒരാള്‍ ബസില്‍ കയറിയാല്‍ വിനയപൂര്‍വം സീറ്റില്‍ നിന്നെഴുന്നേറ്റ് മാറിക്കൊടുക്കുന്നതായിരുന്നു അന്നത്തെ സാമൂഹികാവസ്ഥ. നാല്‍ക്കവലകളിലെചര്‍ച്ചകളില്‍ തലനരച്ച ഒരാള്‍ ചെന്നാല്‍ അയാള്‍ പറയുന്നതേ അവിടെ വിലപ്പോവൂ. തര്‍ക്കങ്ങളിലും മറ്റും മുതിര്‍ന്ന പൗരന്മാരുടെ അഭിപ്രായമാണ്അന്തിമം. വീട്ടിലും ഇതുതന്നെയായിരുന്നു അവസ്ഥ. മുതിര്‍ന്ന പൗരന്മാര്‍ നാട്ടുകൂട്ടങ്ങളിലും വീട്ടിലും അയല്‍ക്കൂട്ടങ്ങളിലും പ്രമാണികത്വംഅനുഭവിച്ചുവന്നു.
അക്കാലങ്ങളില്‍ തല നരച്ചു കിട്ടാന്‍, താടി നരക്കാന്‍ യുവാക്കള്‍വരെ ആഗ്രഹിച്ചു. ഇന്ന് കൃത്രിമ യുവത്വം നിലനിര്‍ത്താന്‍ മുതിര്‍ന്ന പൗരന്മാര്‍നടത്തുന്ന ശ്രമങ്ങള്‍ അന്ന് വൃദ്ധി നേടാന്‍ യുവാക്കള്‍ നടത്തിയിരുന്നുവെന്നര്‍ഥം. സാമൂഹികമായ അംഗീകാരമാണ് ഇതിന് പിന്നിലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
കാലം മാറിയതോടെ ചിത്രവും മാറി. വൃദ്ധര്‍ ഒന്നിനും കൊള്ളാത്തവരാണെന്ന പാശ്ചാത്യ സംസ്കാരത്തിന്‍െറ അംശം ഭാരതീയ സംസ്കൃതിയില്‍ ഇഴകോര്‍ത്തതോടെ വാര്‍ധക്യം ഭയപ്പെടുത്തുന്ന അവസ്ഥയായി മാറി. പുതിയതായി രൂപംകൊണ്ട ഈ ചിന്താധാരയാണ് ഇന്ന് അറുപതിനോടടുത്തവരെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഘടകങ്ങളിലൊന്ന്.
വാര്‍ധക്യത്തിന്‍റ ലക്ഷണം കണ്ടുതുടങ്ങുന്നതോടെ ഇന്നത്തെ സമൂഹത്തിന് ആശങ്കയാണ്. ഇത് അവരുടെ മാനസിക നിലയില്‍ മാറ്റം വരുത്തും. പുരുഷന്മാരില്‍ ബലഹീനത, പ്രത്യുല്‍പാദനക്ഷമത കുറയുക, നരക്കുക എന്നിവയാണ് ലക്ഷണമെങ്കില്‍ സ്ത്രീകളുടെ കാര്യം കുറേക്കൂടി വ്യത്യസ്തമാണ്. അവരുടെ ജീവിതത്തില്‍ നാഴികക്കല്ലുകള്‍ നിരവധിയാണ്.
ബാല്യം, കൗമാരം, ഋതുമതിത്വം, യൗവനം, ഗര്‍ഭാവസ്ഥ, പ്രസവം, മാതൃത്വം, ആര്‍ത്തവ വിരാമം എന്നിവയെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലുംമാറ്റങ്ങള്‍ക്ക് അവരെ വിധേയമാക്കിക്കൊണ്ടിരിക്കും.
ആര്‍ത്തവ വിരാമമാണ് ഇതില്‍ ഏറെ കഠിനം. അമ്പത് കഴിയുന്നതോടെ ആര്‍ത്തവ വിരാമത്തോടൊപ്പം അനുവഭപ്പെടുന്ന ഹോര്‍മോണ്‍ വ്യതിയാനം അവരുടെ മാനസിക നിലയെ കാര്യമായി ബാധിക്കും. മാനസിക വ്യതിയാന ചരിത്രമുള്ളവരില്‍ ഇത് ഏറെ അപകടകരമായ അവസ്ഥ സംജാതമാക്കും. ഹോര്‍മോണ്‍ വ്യതിയാനം തലച്ചോറിനെയും മനസ്സിനെ നിയന്ത്രിക്കുന്ന ഘടകങ്ങളെയും പ്രതികൂലമായി ബാധിക്കും. ഇത് ലൈംഗികമായ തൃഷ്ണയെയും ബാധിക്കും.
‘ഓ വയസ്സായി, ഇനി ഇതൊക്കെയെന്ത്?’ എന്ന തോന്നല്‍ അവരെ വല്ലാതെ അലട്ടും. ജീവിതത്തോട് തന്നെ അന്യാദൃശമായ വിരക്തിയും അനുഭവപ്പെടാം. ഇത് ജീവിത പങ്കാളിയില്‍ അതൃപ്തിക്കിട നല്‍കും.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പരസ്പരം അവഗണിക്കാന്‍ വരെ ഇത് കാരണമായേക്കാം. ഇവിടെ സംശയരോഗം ആരംഭിക്കും.
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ബലഹീനത അംഗീകരിക്കാന്‍ കൂട്ടാക്കാത്ത· മനസ്സാണ് ഭൂരിപക്ഷം പേര്‍ക്കും.
ആവര്‍ത്തനമാണ് ഇതിന് കാരണമെന്ന് സ്വയം ആശ്വസിക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ ആണത്തം ഉറപ്പാക്കാന്‍ പരസ്ത്രീ ഗമനത്തിനും തുനിഞ്ഞേക്കാം.ഇവിടെ കുടുംബ ബന്ധം വഷളാവുകയാണ്.
ദമ്പതികളില്‍ സംശയരോഗം വളരുകയും സ്ത്രീകള്‍ വിഷാദരോഗത്തിന്‍െറ പിടിയിലാവുകയും ചെയ്യുന്നതാണ് ഇതിന്‍െറ പരിണതി. ഈ നില തുടരുമ്പോഴാണ് പലരും ആത്മഹത്യയിലേക്ക് വഴുതി വീഴുന്നത്.
പ്രായമായാല്‍ ഒന്നിനും കെള്ളരുതാത്തവനായി എന്ന തോന്നലില്‍ നിന്ന് ജീവിത വിരക്തിയനുഭവപ്പെടും. ഈ വിരക്തി എല്ലാത്തിനോടുമുളള വെറുപ്പായി വളരും. ചില വ്യക്തികള്‍ അമ്പത് കഴിയുന്നതോടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരുകയും വല്ലാതെ ദേഷ്യപ്പെടുകയും ചെയ്യും. ഈ മനുഷ്യന്‍ എത്ര പെട്ടെന്നാണ് മാറിയത്, ഇദ്ദേഹത്തിന് എന്തു പറ്റിയെന്നൊക്കെ ബന്ധുക്കളും നാട്ടുകാരും ചോദിക്കാന്‍ തുടങ്ങും. സാമൂഹികമായി ഇയാളെ ഒറ്റപ്പെടുത്താന്‍ കുടുംബം മുന്നിട്ടിറങ്ങും. ഇത്തരം ഘട്ടങ്ങളില്‍ മാനസികാരോഗ്യ വിദഗ്ധന്‍െറ സഹായം തേടലാണ് അഭികാമ്യം. വലിയ ദുരന്തത്തില്‍ നിന്ന് അയാളെയും കുടുംബത്തെയും രക്ഷപ്പെടുത്താന്‍ മാനസികാരോഗ്യ വിദഗ്ധന് കഴിഞ്ഞേക്കാം.
ജീവിതത്തിന്‍െറ ഓരോ ഘട്ടത്തിലും സംഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റം ഉള്‍ക്കൊള്ളാന്‍ വ്യക്തികളെ പ്രാപ്തമാക്കിയാല്‍ കുറേ പ്രശ്നങ്ങള്‍ ഒഴിവായിക്കിട്ടും. ജീവിതത്തിന്‍െറ ഓരോ ഘട്ടവും അനിവാര്യമാണെന്നും അതിന് അനുസൃതമായി ജീവിതം ചിട്ടപ്പെടുത്തണമെന്നുമുള്ള തിരിച്ചറിവാണ് വേണ്ടത്.
അത്യാവശ്യം മാനസികാരോഗ്യമുള്ളവര്‍ക്കേ ഇത്തരം ഘട്ടങ്ങളെ സ്വന്തം നിലയില്‍ നേരിടാനാവൂ. അതിന് കഴിയാത്തവരെ മാനസികാരോഗ്യ വിദഗ്ധന്‍െറ സമീപത്തെത്തിക്കുകയെന്നതാണ് ബന്ധുക്കളുടെ കര്‍ത്തവ്യം.
(ലേഖകന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ മനോരോഗ വിഭാഗം മേധാവിയാണ്)