ആശയവിനിമയം അര്‍ബുദ രോഗികളോട്‌

ഡോ. ഫിറോസ് ഖാന്‍, പാലിയേറ്റീവ് മെഡിസിന്‍ കണ്‍സല്‍ട്ടന്റ്, പാണ്ടിക്കാട്‌

കാന്‍സര്‍ രോഗികളോട് എങ്ങനെ സംസാരിക്കണം, എന്തൊക്കെ സംസാരിക്കണമെന്ന് സാധാരണയായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒരുകാര്യമാണ്. അതേക്കുറിച്ച് പറയുന്നതിനു മുമ്പ് ഇതിന്റെ അവസ്ഥാവിശേഷം മനസിലാക്കുന്നതിനായി ഒരു ചെറിയ ഉദാഹരണം നോക്കാം. നമ്മുടെ നാട്ടിലെ ഒരു സാധാരണ പി.എസ്.സി കോച്ചിങ് സെന്റര്‍ സങ്കല്‍പ്പിക്കൂ. അവിടെയുള്ള വിദ്യാര്‍ഥികളോട് അധ്യാപകന്‍ പറയുന്നു. നിങ്ങള്‍ ഇന്നുമുതല്‍ ജീവിതാവസാനം വരെയുള്ള നിങ്ങളുടെ ആഗ്രഹങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ എഴുതുക. ഇത് പരിശോധിക്കുകയാണെങ്കില്‍ 90 ശതമാനം ആളുകളുടെയും ആഗ്രഹങ്ങള്‍ താഴെ പറയുന്നപോലെയായിരിക്കും.

1. ജോലി, 2. വിവാഹം, 3. വീട്, 4. സ്വന്തമായി വാഹനം, 5. മക്കളുടെ വിദ്യാഭ്യാസവും അവരുടെ വിവാഹവും, 6. വിവിധ മതവിഭാഗങ്ങള്‍ക്കനുസരിച്ച് മുസ്‌ലിംകളാണെങ്കില്‍ ഹജ്ജ് കര്‍മം, ക്രിസ്ത്യാനികളും ഹിന്ദുക്കളും ആണെങ്കില്‍ അതുപോലെയുള്ള തീര്‍ഥയാത്രകള്‍.

ഇനി ഈ വിദ്യാര്‍ഥികള്‍ക്ക് ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമുള്ള കാന്‍സര്‍ ഉണ്ടെന്ന് സങ്കല്‍പ്പിക്കാന്‍ പറയുക. എന്നിട്ട് വീണ്ടും ജീവിതാഭിലാഷങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ എഴുതാന്‍ പറയുക. ഇവിടെ എന്തു സംഭവിക്കുന്നു? അപ്രസക്തമായ പല വിഷയങ്ങളും പ്രസക്തമാവുകയും തിരിച്ചും സംഭവിക്കുന്നു. അതെ ഒരു കാന്‍സര്‍ രോഗിയുടെ അവസ്ഥ തികച്ചും ഒരു അട്ടിമറി തന്നെയാണ്. ഒന്നോ രണ്ടോ ജീവിതാഭിലാഷങ്ങളെങ്കിലും പൂര്‍ത്തീകരിച്ചു കൊടുക്കുക എന്നതാണ് സമൂഹത്തിന്റെ കടമ. അല്‍പ്പമെങ്കിലും ശാരീരിക ക്ഷമതയും മാനസികാവസ്ഥയും ഉള്ള ഒരു അവസ്ഥയില്‍ തന്നെ രോഗികളെ അതിന് പ്രാപ്തരാക്കണം. തികച്ചും കിടപ്പിലായ അവസ്ഥയില്‍ മാത്രം രോഗം എന്തെന്ന് അറിയുന്നതോടെ പലര്‍ക്കും ഇതിന് കഴിയുന്നില്ല.

ഇത് 100 ശതമാനം ശരിവയ്ക്കുന്ന ഒരു സംഭവം എന്റെ ചികിത്സാ അനുഭവങ്ങളില്‍ വന്നുചേര്‍ന്നിട്ടുണ്ട്. ഏകദേശം 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പാലിയേറ്റീവ്് മെഡിസിനില്‍ ജോലി ചെയ്യുന്ന സമയം. വടകര സ്വദേശിയായ നാല്‍പത് വയസുള്ള സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ആമാശയത്തിന് അര്‍ബുദം ബാധിച്ച് അവിടെ ചികിത്സയിലുണ്ടായിരുന്നു. മുന്തിയതരം തുണിത്തരങ്ങളുടെ ഇറക്കുമതി ബിസിനസായിരുന്നു. ആറുമാസം മുമ്പ് രോഗനിര്‍ണയം മുതല്‍ തീരെ കിടപ്പിലാവുന്നത് വരെ അസുഖം എന്താണെന്ന് അദ്ദേഹത്തോട് പറയാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. അസുഖം എന്താണെന്ന് അറിയാതെ പല ബിസിനസുകളിലും പണം നിക്ഷേപിക്കുകയും ഒന്നും തിരിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്തു. ഒടുവില്‍ കിടപ്പാടം പോലം പണയപ്പെടുത്തിയാണ് ചികിത്സിച്ചത്.

മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആ ചെറുപ്പക്കാരന്‍ എന്നോട് പറയുകയുണ്ടായി ഡോക്ടര്‍ എനിക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ദേഷ്യമുള്ളത് എന്റെ അസുഖവിവരം എന്നില്‍ നിന്നും മറച്ചുപിടിച്ച എന്റെ വീട്ടുകാരോടാണ്. എന്റെ മക്കള്‍ക്ക് ഒരു വീടുപോലും ബാക്കിവയ്ക്കാതെയാണ് ഞാന്‍ ഈ ലോകത്തില്‍ നിന്നും അകന്നുപോകുന്നത്. അസുഖത്തിന്റെ അവസ്ഥ തുടക്കത്തിലേ അറിഞ്ഞിരുന്നുവെങ്കില്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.

ഇനി ഒരു കാന്‍സര്‍ രോഗിയോട് ഇതാണ് നിങ്ങളുടെ അസുഖമെന്ന് എങ്ങനെ പറയും? സാധാരണയായി കാന്‍സര്‍ രോഗിയുടെ മുന്നില്‍നിന്നും ഇക്കാര്യം ആരും സംസാരിക്കാറില്ല. എന്റെ അനുഭവത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍, തങ്ങള്‍ക്ക് കാന്‍സര്‍ ആണെന്ന് അറിഞ്ഞത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ ഒ.പി എന്ന ബോര്‍ഡ് കണ്ടിട്ടാണ്. ഇതിനു ഒരു മാറ്റം വേണം. ജീവനുള്ള ആരെങ്കിലും തന്നെ അവരോട് ഇത് പറയണം.

മുന്‍പൊക്കെ നമ്മുടെ നാട്ടില്‍ ആരെങ്കിലും മരിച്ചാല്‍ ദൂരെ സ്ഥലങ്ങളിലുള്ള അവരുടെ മക്കള്‍ക്ക് ടെലിഗ്രാം ചെയ്യുകയാണ് പതിവ്. പോസ്റ്റ് ഓഫീസില്‍ ചെന്ന് ആള്‍ മരിച്ചു എന്ന് പറഞ്ഞാല്‍ അവര്‍ എഴുതുന്നത് ഇപ്രകാരം ആയിരിക്കും. ഫാദര്‍ സീരിയസ്, സ്റ്റാര്‍ട്ട് ഇമ്മിഡിയറ്റിലി. മരിച്ചു എന്ന് അവര്‍ക്ക് അടിക്കാന്‍ കഴിയാഞ്ഞിട്ടല്ല, ഇങ്ങനെയാണ് അതിന്റെ ഒരു രീതി. ടെലിഗ്രാം കൈയില്‍ കിട്ടുന്ന ആള്‍ക്ക് ഏകദേശം ഉറപ്പാണ് മരിച്ചു എന്ന്. എന്നാലും ഒരു ഉറപ്പില്ലായ്മ അവശേഷിക്കുന്നു.

ഇങ്ങനെത്തന്നെയാണ് കാന്‍സറിന്റെ വിവരവും പറയേണ്ടത്. ഒറ്റയടിക്ക് പറയരുത്. രോഗിയോട് അടുപ്പമുള്ള ആര്‍ക്കുവേണമെങ്കിലും രോഗിയോട് ഇത് പറയാം. പക്ഷേ അസുഖം എന്താണെന്ന് അറിഞ്ഞാല്‍ രോഗി തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങള്‍്ക്ക് ഉത്തരം നല്‍കാന്‍ കഴിവുള്ള ഒരാളായിരിക്കണം പറയേണ്ടത്. അല്ലാത്തവര്‍ മെനക്കെടേണ്ടതില്ല. അതുകൊണ്ടുതന്നെ ഒരു ഡോക്ടര്‍ പറയുന്നതാകും ഉത്തമം.