സാന്ത്വന പരിചരണത്തിലെ കേരള മാതൃക

ഡോ. സുരേഷ്കുമാര്‍

മാറാരോഗികള്‍, ദീര്‍ഘകാലമായി കിടപ്പിലായ രോഗികള്‍, മരണാസന്നരായ രോഗികള്‍ എന്നിവരുടെ പരിചരണം ലോകത്ത് പൊതുവെ അവഗണിക്കപ്പെട്ടിട്ടുള്ള ഒരു മേഖലയാണ്. ഈ രോഗികളില്‍ ഭൂരിഭാഗത്തിനും ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ ഘട്ടമാണ് ഇത്. ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ രോഗി അനുഭവിക്കുന്ന ശാരീരികവും മാനസികവും സാമൂഹ്യവും ആത്മീയവുമായ പ്രശ്നങ്ങള്‍ ഒട്ടനവധിയാണ്. ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ 80 ശതമാനത്തിലധികംപേരും ജീവിതാവസാനത്തില്‍ ഈ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

ജീവിതാന്ത്യത്തില്‍ കഠിനമായ ദുരിതമനുഭവിക്കുന്ന ഇത്തരം രോഗികളുടെ പ്രശ്നങ്ങളിലിടപെട്ടുകൊണ്ട് അവരുടെ ജീവിതം കുറെക്കൂടി മെച്ചപ്പെട്ടതാക്കുക എന്നതാണ് സാന്ത്വന പരിചരണംകൊണ്ട് ഉദ്ദേശിക്കുന്നത്. രോഗിയുടെ ശാരീരികമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനുള്ള അറിവ് ആധുനിക വൈദ്യശാസ്ത്രത്തിനുണ്ട്. മാനസിക-സാമൂഹ്യ-ആത്മീയ പ്രശ്നങ്ങള്‍ ലഘൂകരിക്കാനുതകുന്ന സാമൂഹ്യമായ ഇടപെടലുകള്‍ക്കും ഒരുപാട് സാദ്ധ്യതകളുണ്ട്. പക്ഷേ ഇന്ന് ലോകത്ത് ദുരിതമനുഭവിക്കുന്ന ഇത്തരം രോഗികളില്‍ 8 ശതമാനത്തോളം പേര്‍ക്ക് മാത്രമേ സാന്ത്വന പരിചരണ സംവിധാനങ്ങളുടെ സേവനം ലഭ്യമാകുന്നുള്ളൂ. മൂന്നാം ലോക രാജ്യങ്ങളിലുള്ള ഭൂരിഭാഗം രോഗികളും കാര്യമായ ഒരു പരിചരണവും ലഭിക്കാതെ നരകിച്ചു മരിക്കുന്നു. ആരോഗ്യ പരിചരണരംഗത്ത് ഇടപെടാനുള്ള ഭരണകൂടങ്ങളുടെ വിമുഖത, ചികിത്സാ സംവിധാനങ്ങള്‍ തുടങ്ങുന്നതിലും വികസിപ്പിക്കുന്നതിലുമുള്ള മുന്‍ഗണനകളിലെ വ്യത്യാസം, ചികിത്സാരംഗത്തെ കമ്പോളവല്‍ക്കരണം, ആരോഗ്യരംഗത്തെ ജനകീയ ഇടപെടലുകളുടെ അപര്യാപ്തത എന്നിവയൊക്കെ ഇതിന് കാരണമായി നിലനില്‍ക്കുന്നുണ്ട്. ഈ അവസ്ഥയിലാണ് ചികിത്സാരംഗത്തെ വികേന്ദ്രീകരണവും സാമൂഹ്യ പങ്കാളിത്തവും അടിസ്ഥാനമായി വികസിച്ചു വരുന്ന കേരളത്തിലെ സാന്ത്വന പരിചരണ മാതൃക പ്രസക്തമാവുന്നത്.

കേരളത്തിലെ സാന്ത്വന പരിചരണം ഇന്ത്യയില്‍ ഇന്നുള്ള 900ത്തോളം സാന്ത്വന പരിചരണ സംവിധാനങ്ങളില്‍ 90 ശതമാനവും ജനസംഖ്യയുടെ 3 ശതമാനം മാത്രം വരുന്ന കേരളത്തിലാണ്. ദേശീയാടിസ്ഥാനത്തില്‍ സാന്ത്വനപരിചരണ സംവിധാനങ്ങളുടെ ഏതെങ്കിലും സേവനം ലഭ്യമാവുന്നത് ആവശ്യമുള്ള രോഗികളുടെ 2 ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ്. കേരളത്തില്‍ ഇത് 60 ശതമാനത്തിലധികം വരും. ഇവരില്‍ത്തന്നെ ഭൂരിഭാഗത്തിനും വീടുകളില്‍ പരിചരണമെത്തിക്കാനുള്ള ഗൃഹപരിചരണ സംവിധാനങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. ആരോഗ്യമേഖലയിലെ ഈ രംഗത്തുണ്ടായ ജനപങ്കാളിത്തമാണ് മറ്റു പ്രദേശങ്ങളില്‍നിന്നും വ്യത്യസ്തമായി കേരളത്തിലെ സാന്ത്വനപരിചരണ രംഗത്തെ വികസനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ചരിത്രം കേരളത്തില്‍ സാന്ത്വന ചികിത്സാരംഗത്തെ തുടക്കം 1993ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രമായി ആരംഭിച്ച ഒരു ചെറിയ സംരംഭമായിരുന്നു. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ചികിത്സാ സംവിധാനങ്ങളുമായി 2000 മായപ്പോഴേക്കും ഇത്തരം 30 ഓളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനസജ്ജമായി. 1999ല്‍ "ചികിത്സ = രോഗി + ചികിത്സാസ്ഥാപനം" എന്ന സമവാക്യം മാറ്റിയെഴുതി സാന്ത്വന ചികിത്സാരംഗത്ത് ജനകീയ പങ്കാളിത്തം ഉദ്ദേശിച്ചുകൊണ്ട് തുടക്കമിട്ട "സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍" (ചലശഴവയീൗൃവീീറ ചലേംീൃസ ശി ജമഹഹശമശേ്ല ഇമൃലചചജഇ) ആയിരുന്നു ഈ രംഗത്തെ ആദ്യത്തെ വഴിത്തിരിവ്. രോഗിയുടെ കുടുംബം, ബന്ധുക്കള്‍ അയല്‍ക്കാര്‍ തുടങ്ങി രോഗിയുമായി ഇടപെടുന്ന ആളുകള്‍ക്ക് രോഗിയെ സഹായിക്കാന്‍ കഴിയുന്ന രീതിയില്‍ സാധാരണക്കാര്‍ക്ക് സാന്ത്വന പരിചരണത്തില്‍ അറിവും പരിശീലനവും ലഭ്യമാക്കുക എന്ന കാഴ്ചപ്പാടാണ് എന്‍എന്‍പിസിയിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്. ഈ ആശയം കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ വളരെപ്പെട്ടെന്ന് സ്വീകാര്യമായി. ഒരുകാലത്ത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് മാത്രമേ ഇടപെടാന്‍ കഴിയൂ എന്ന് കരുതിയ ഈ മേഖലയില്‍ സാധാരണക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇതുവഴി സാധ്യമായത്.

ചുരുങ്ങിയകാല പരിശീലനവും വ്യക്തമായ ദിശാബോധവുമുണ്ടെങ്കില്‍ അടിസ്ഥാന രോഗീപരിചരണം, ആശയവിനിമയം, സാമൂഹ്യവും മാനസികവുമായ പിന്തുണ നല്‍കല്‍ തുടങ്ങി രോഗിക്കും കുടുംബത്തിനും സഹായകരമായ നടപടികള്‍ കൈക്കൊള്ളാന്‍ സാധാരണക്കാര്‍ക്കും കഴിയുമെന്നാണ് ഈ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടത്. ആവശ്യത്തിന്റെ തോത് വളരെയേറെയും പാലിയേറ്റീവ് കെയറില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പരിമിതിയില്‍ ധാരാളവുമായ സാഹചര്യത്തില്‍ സമൂഹത്തിന്റെ ഈ ഇടപെടല്‍ അത്യന്താപേക്ഷിതവുമായിരുന്നു. സാന്ത്വന പരിചരണരംഗത്തെ വികസിച്ചുവരുന്ന ജനപങ്കാളിത്തത്തിന്റെ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് 2008ല്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പാലിയേറ്റീവ് പരിചരണ നയമായിരുന്നു ഈ രംഗത്തെ രണ്ടാമത്തെ വഴിത്തിരിവ്. ആരോഗ്യമേഖലയില്‍നിന്നും ഭരണകൂടങ്ങള്‍ പിന്‍മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പൗരന്റെ ആരോഗ്യം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സാന്ത്വനപരിചരണം ആവശ്യമുള്ള കേരളത്തിലെ രോഗികളുടെ കാര്യത്തില്‍ ഈ ഉത്തരവാദിത്വം ജനകീയ പങ്കാളിത്തത്തേടെ നിറവേറ്റാന്‍ കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രഖ്യാപിക്കുന്ന ഈ നയരേഖ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ ഏറ്റവും പുരോഗമനാത്മകമായ ഉത്തരവുകളിലൊന്നായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സാമൂഹ്യപങ്കാളിത്തത്തോടെ സാന്ത്വനപരിചരണ സംവിധാനങ്ങള്‍ ആവിഷ്കരിക്കാന്‍ പാലിയേറ്റീവ് പരിചരണനയം വഴിതുറന്നു. പരിചരണ നയത്തിന്റെ ചുവടുപിടിച്ച് ആരോഗ്യ കേരളം പാലിയേറ്റീവ് പരിചരണ പദ്ധതി (ചഞഒങ ജമഹഹശമശേ്ല ഇമൃല ജൃീഷലരേ) ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികളും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ഉത്തരവുകളും ത്രിതല പഞ്ചായത്ത് സംവിധാനത്തിന്‍കീഴില്‍ 650 ഓളം സാന്ത്വന പരിചരണ സംവിധാനങ്ങള്‍ ആരംഭിക്കുന്നതിന് ഇതിനകം കാരണമായിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വരും വര്‍ഷങ്ങളില്‍ ഈ രംഗത്ത് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാന്ത്വന പരിചരണത്തിലെ ജനപങ്കാളിത്തം-വെല്ലുവിളികളും സാദ്ധ്യതകളും കേരളത്തിലെ സാന്ത്വനപരിചരണ രംഗത്തെ സാമൂഹ്യ പങ്കാളിത്തം ഒരു ദശാബ്ദം പിന്നിട്ടിരിക്കുന്നു. ഒരു പുതിയ മാതൃകയുടെ പരീക്ഷണ കാലഘട്ടം കടന്നിരിക്കുന്നു എന്നര്‍ത്ഥം. വിശകലനവും പരിഷ്കരണവുമാണ് അടുത്ത ഘട്ടത്തില്‍ ആവശ്യമാകുന്നത്. സാന്ത്വന പരിചരണങ്ങളിലെ പുതിയ പങ്കാളിത്തം കൂടുതല്‍ കാര്യക്ഷമമാക്കി കൊണ്ടുപോകേണ്ടത് സമൂഹത്തിന്റെതന്നെ ആവശ്യവും ഉത്തരവാദിത്വവുമാണെന്ന് ഇന്ന് നാം തിരിച്ചറിയുന്നുണ്ട്. ആദ്യ പത്തുവര്‍ഷത്തില്‍ ഈ രംഗത്ത് കേരളം നേടിയത് എന്തൊക്കെയാണ്? 1. സാന്ത്വന പരിചരണത്തില്‍ ഇടപെടാനും ഫലപ്രദമായ രോഗീപരിചരണം നിര്‍വഹിക്കാനും സന്നദ്ധസേവകര്‍ക്ക് സാധിച്ചു. 2. സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ കേരളത്തിലുടനീളം സാധ്യമായി. 3. സാധാരണക്കാരുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് ക്ലിനിക്കുകള്‍ രൂപംകൊണ്ടു. 4. രോഗീപരിചരണം സമം ആശുപത്രി എന്ന സമവാക്യം മാറ്റിയെഴുതാന്‍ പറ്റി. ഇങ്ങനെ, ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളുടെ പ്രവര്‍ത്തനരീതി വിലയിരുത്തുമ്പോള്‍തന്നെ പരിമിതികളുടെ മേഖലയില്‍ ഗൗരവമായെടുക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു രോഗിക്ക് പാലിയേറ്റീവ് കെയര്‍ സംവിധാനത്തില്‍നിന്നും ലഭിക്കുന്ന സേവനം/സാന്നിദ്ധ്യം എത്രമാത്രം എന്നതാണ് ഇതില്‍ പ്രധാനം. ഉദാഹരണമായി ഒരു രോഗിയുടെ ആവശ്യങ്ങള്‍ പലതാണ്. കുടുംബവും അത്രയേറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ ഗ്രൂപ്പിനുപോലും ഒരു രോഗിയെ കാണാനും പരിചരിക്കാനും എത്ര കിണഞ്ഞു ശ്രമിച്ചാലും ഒരാഴ്ച കണ്ടെത്താനാവുക മൂന്നരമണിക്കൂറാണ്. ബാക്കിസമയം രോഗിയുമായി ഇടപെടുന്നത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയല്‍ക്കാരുമാണ്. ഇവരാകട്ടെ പലപ്പോഴും പാലിയേറ്റീവ് പരിചരണത്തെക്കുറിച്ച് വേണ്ടത്ര അവബോധം ലഭിക്കാത്തവരുമാണ്. രോഗിയുടെ വിവിധ തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ശാരീരികം ഉള്‍പ്പെടെ പരിഹാരം കാണാന്‍ കുടുംബാംഗങ്ങളും അയല്‍ക്കാരുമുള്‍പ്പെടുന്ന പ്രദേശത്തെ സമൂഹത്തിന് കഴിയേണ്ടതുണ്ട്. പാലിയേറ്റീവ് കെയറില്‍ പരിശീലനം നേടിയ, രോഗിയുമായി ഗുണപ്രദമായ രീതിയില്‍ ഇടപെടാന്‍ കഴിയുന്നവര്‍ സമൂഹത്തില്‍ ഭൂരിപക്ഷമാകുമ്പോള്‍ മാത്രമാണ് ഈ കാഴ്ചപ്പാട് ഗുണപ്രാപ്തിയിലെത്തുക. രോഗിയുടെ പരിചരണം സമൂഹത്തില്‍ എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്ന നിലപാടില്‍നിന്നും പ്രായോഗികതലത്തില്‍ പലപ്പോഴും രോഗിയുടെ പരിചരണം സമൂഹത്തില്‍ ഏതാനും പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ ഉത്തരവാദിത്വമാണ് എന്ന നിലയിലായിപ്പോയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളിലുള്ള ഇടപെടല്‍ ആ ഘട്ടത്തില്‍ ഏറെ സഹായകരംതന്നെയാണ്. എന്നാല്‍ ഇവര്‍ക്ക് നല്‍കാന്‍ കഴിയുന്ന സേവനത്തിന് പരിമിതികളുണ്ട്. രോഗിക്കാവശ്യമായ നഴ്സിങ് കെയര്‍ (കത്തീറ്ററൈസേഷനും മറ്റും) പഞ്ചായത്തിന്റെ സംവിധാനംവഴി നല്‍കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ രോഗിക്കും കുടുംബത്തിനും അനിവാര്യമായും ഉറപ്പാക്കേണ്ട സഹായങ്ങള്‍ (മാനസിക, സാമൂഹ്യ, സാമ്പത്തിക പിന്തുണ ഉള്‍പ്പെടെ) തിരിച്ചറിയാനും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരെപ്പോലെ പരിഹാരം കാണാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിയുമെന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍തലത്തില്‍ സേവനം ലഭ്യമാകുന്ന രോഗികള്‍ക്ക് ഇത്തരം സേവനങ്ങള്‍ ഉറപ്പാക്കേണ്ടത് പ്രാദേശിക സമൂഹത്തിന്റെ ഉത്തരവാദിത്വം തന്നെയാണ്.

പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനംവഴി രോഗിക്ക് കിട്ടുന്ന ഏതു സഹായവും (സമഗ്രമല്ലെങ്കില്‍കൂടി) രോഗിക്ക് ഉപകാരപ്രദമാണ്. അതുകൊണ്ടുതന്നെയാണ് ഏതെങ്കിലും തരത്തില്‍ സഹായമെത്തിക്കാന്‍ കഴിയുന്ന രീതിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം കിട്ടിയതും, ഒരു ദശാബ്ദം പിന്നിടുമ്പോള്‍ പാലിയേറ്റീവ് കെയര്‍ എന്ന ആശയം കേരളത്തിന് കൂടുതല്‍ പരിചിതമായിക്കഴിഞ്ഞതും. ഈ ഘട്ടത്തില്‍ വാഗ്ദാനംചെയ്യുന്ന സേവനത്തിന്റെ പൂര്‍ണ്ണതയിലും കാര്യക്ഷമതയിലും വിട്ടുവീഴ്ചയുണ്ടാവുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഒരു പ്രദേശത്തെ പരിചരണം ആവശ്യമായ രോഗികളെക്കുറിച്ചുള്ള വിവരശേഖരണംമുതല്‍ സേവന പദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്നതുവരെയുള്ള നേതൃത്വപരമായ ഇടപടല്‍ നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. ലഭ്യമായ ലിസ്റ്റ് പ്രകാരമുള്ള രോഗികള്‍ക്ക് സേവനം നല്‍കുന്നത് പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് വഴിയാണെങ്കിലും പഞ്ചായത്ത് വഴി ആണെങ്കിലും ഓരോ ഘട്ടത്തിലും പുനഃപരിശോധിച്ച് സമഗ്രമായ പരിചരണവും പിന്തുണയും ഉറപ്പാക്കേണ്ടത് ജനകീയ പാലിയേറ്റീവ് കെയര്‍ കൂട്ടായ്മകളുടെ കടമയാവേണ്ടതുണ്ട്.

കേരളത്തിലെ സാമൂഹ്യ പരിചരണത്തിലെ ജനപങ്കാളിത്തം ഇതിനകം ലോകശ്രദ്ധ ആകര്‍ഷിച്ച്കഴിഞ്ഞിട്ടുണ്ട്. പക്ഷേ, കേരളത്തില്‍ ഇന്ന് പാലിയേറ്റീവ് കെയര്‍ രംഗത്ത് പരിശീലനം നേടി സജീവമായി പ്രവര്‍ത്തനരംഗത്തുള്ളത് മൊത്തം ജനസംഖ്യയുടെ 0.1 ശതമാനംപോലുമില്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. 1-2 ശതമാനമെങ്കിലുമായി ഇവരുടെ സാന്നിദ്ധ്യം സമൂഹത്തില്‍ ഉയര്‍ന്നാല്‍ മാത്രമേ സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍ എന്ന ആശയത്തോട് പൂര്‍ണ്ണമായി നീതി പുലര്‍ത്താനാവൂ. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യവും ദിശാബോധവുമുള്ള സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകര്‍ സജീവമായി ഈ രംഗത്ത് ഇടപെടേണ്ടതുണ്ട്. സാന്ത്വന പരിചരണരംഗത്ത് പ്രവര്‍ത്തിക്കാനുള്ള പ്രചോദനം പലര്‍ക്കും പലതാണ്. ഇത് മതപരമോ, സാമൂഹ്യമോ, രാഷ്ട്രീയമോ, വ്യക്തിപരമോ ആയ കാരണങ്ങളാകാം. പക്ഷേ യുക്തമായ ചികിത്സയ്ക്കുള്ള രോഗിയുടെ അവകാശത്തിലൂന്നിയുള്ള കേരളത്തിലെ സാന്ത്വന പരിചരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നവര്‍ പ്രചോദനമെന്തുതന്നെയായാലും ഫലത്തില്‍ സാമൂഹ്യനീതിക്കുവേണ്ടി ജനകീയ കൂട്ടായ്മ എന്ന ശക്തവും അര്‍ത്ഥപൂര്‍ണ്ണവുമായ ഒരു സന്ദേശമാണ് മുമ്പോട്ടു വെയ്ക്കുന്നത്.