ചില്ലറ പണികള്‍ ചെയ്തുതീര്‍ക്കാനുള്ളതുകൊണ്ട് തൂങ്ങിയ കണ്‍പോളകളെ പിടിച്ചുയര്‍ത്തിവെച്ച് ഉറക്കിനെതിരായി പാതിതോറ്റ യുദ്ധം അങ്ങനെ അലങ്കോലമായി. മൂന്നാലുവട്ടം നമ്പര്‍ പറഞ്ഞുകൊടുത്തിട്ടും അപ്പുറത്തെ 'കുഴമറി'/യില്‍ അത് രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല. ഒടുവില്‍ മറുതലയ്ക്കല്‍ ആരോ ഫോണ്ഡ പിടിച്ചുവാങ്ങി നമ്പര്‍ എഴുതിയെടുത്തു. പിറ്റേന്ന് സുഹൃത്തിനെ വിളിച്ചു ചോദിച്ചു. 'ഇങ്ങനെയൊരു േേഫാണുണ്ടായിരുന്നു പാത്രിരാത്രിയില്‍. എന്തായിരുന്നു കാര്യം? ' സുഹൃത്ത് പറഞ്ഞ കഥയനുസരിച്ച്: വര്‍ഷങ്ങളോളം നാട്ടിലെ കോളജിലും വിദേശത്തും ജോലി ചെയ്ത്
തിരിച്ചെത്തി വിശ്രമജീവിതത്തിലേക്കിരുന്നപ്പോഴാണ് വിധി വൃക്കയിലെ കാന്‍സറായി ആ മനുഷ്യനെ കിടത്തിക്കളഞ്ഞത്. കൊച്ചുകുട്ടികളുടെ മനസുമായി ജീവിത്ത അയാള്‍ക്ക് തന്റെ രോഗം ചികിത്സക്ക് വഴങ്ങാതായിത്തുടങ്ങുന്നതുള്‍ക്കൊള്ളാനായില്ല. നാട്ടില്‍ തിരിച്ചെത്തിയ ഏതാനും മാസക്കാലം പാലിയേറ്റീവ് ക്ലിനിക്കില്‍ വലിയ ഒത്താശക്കാരനായിരുന്നു അദ്ദേഹം. രോഗികളെ കാണാനും ക്ലിനിക്ക് നടത്തിപ്പിന് പണം സ്വരൂപിക്കാനുമൊക്കെ അദ്ദേഹം മിണ്ടിപ്പാഞ്ഞു നടന്നു.
എന്നാല്‍ മഹാരോഗമെന്ന യാഥാര്‍ഥ്യവുമായി മുഖാമുഖം വന്നപ്പോള്‍ തന്റെ പഠിപ്പും പാലിയേറ്റീവ് വളണ്ടിയറെന്ന നിലയില്‍ പഠിച്ചുവെച്ച സമാശ്വാസ വചനങ്ങളുമൊന്നും തന്നെയാശ്വസിപ്പിക്കുന്നില്ലെന്ന് അദ്ദേഹവും തിരിച്ചറിഞ്ഞു കാണണം.
പരിഹാരമില്ലെന്നറിഞ്ഞിട്ടും അതറിഞ്ഞിട്ടില്ലെന്ന മട്ടില്‍ രോഗ ചികിത്സയില്‍ കേന്ദ്രീകരിച്ചു തന്നെയായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങള്‍. അതിനിടയില്‍ ചുമ്മാ സംസാരിച്ചിരിക്കാനാണ് പാലിയേറ്റീവ് കെയര്‍ വളണ്ടിയറായ സുഹൃത്തിനെ വിളിച്ചുവരുത്താറുള്ളത്.
രോഗം മൂര്‍ഛിച്ചതും ഒരു പ്രതിരോധമാര്‍ഗമെന്നോണം, യാഥാര്‍ഥ്യങ്ങളുടെ ലോകവുമായുള്ള പാലങ്ങളെല്ലാം അദ്ദേഹം മുറിച്ചുകളഞ്ഞു. ഒത്തുപോകുന്ന സാമ്പത്തിക സ്ഥിതി ഉണ്ടായിരിക്കെ, ചെലവാക്കാന്‍ ഉറ്റവര്‍ തയ്യാറായിരിക്കെ പ്രയോജനപ്രദമല്ലെറിയാത്ത ചികിത്സ തനിക്ക് സൗജന്യമായി തരമാക്കാവുന്ന വഴികളെക്കുറിച്ച് ഒരു കൊച്ചുകുഞ്ഞിന്റെ അജ്ഞതയും നിഷ്‌കളങ്കതയും ചേര്‍ത്തളവില്‍ അദ്ദേഹം സുഹൃത്തിന് വിവരിച്ചുകൊടുക്കാറുണ്ടായിരുന്നു.
യാഥാര്‍ഥ്യങ്ങളില്‍ നിന്ന് തിരിഞ്ഞുനടന്ന അത്തരമൊരു മുഹൂര്‍ത്തത്തിലാണ് ആ പാതിരാത്രിയിലെ വിളി ഉണ്ടായത്. ഉറക്കത്തിന്റെ ആഴക്കയങ്ങളില്‍ നിന്ന് ഒരന്തവുമില്ലാതെ ഉണര്‍ന്ന സുഹൃത്തിനോട് ചോദിക്കുന്നു: ' ഒന്നിവിടുത്തോളം വരുമോ?' ഉറക്കച്ചടവില്‍ മൊബൈല്‍ ഫോണില്‍ സമയത്തിന്റെ കൈകള്‍ പാതിരാ പിന്നിട്ടെന്ന് ചൂണ്ടി. പുറത്ത് പിഞ്ഞിപ്പിഞ്ഞി പെയ്യുന്ന മഴ. ഇരുട്ടും തണുപ്പും.
എട്ടുകിലോമീറ്ററെങ്കിലും യാത്ര ചെയ്യണം, പാതിരാ വിളിയുടെ പൊരുളെ ന്തെന്നറിയാന്‍. 'എന്തായാലും പോയിനോക്കുക തന്നെ' എന്ന നിശ്ചയത്തില്‍ സുഹൃത്ത് അപ്പോള്‍തന്നെ സ്‌കൂട്ടറുമായിറങ്ങി. പുറത്ത് അര്‍ധ ബോധത്തിന്റെ ഉദത്തില്‍ രാവുറങ്ങി ത്തൂങ്ങവെ, പിറ്റേന്ന് ആര്‍ സി സിയില്‍ പോകാനുള്ള വിശദ പദ്ധതി കളുമായിട്ടാണ് മൂപ്പരുടെ കിടപ്പ്.
ഉള്ളില്‍ അടക്കാനാവാത്ത ഉദ്വേഗം കൊണ്ട് ഞാന്‍ സുഹൃത്തിനോട് ചോദിച്ചുപോയി; ആ പാതിരാവില്‍, ആ പിഞ്ഞിയ മഴയിലും തണുപ്പിലും, ഒറ്റക്ക് ഒരു 'കൊച്ചുവര്‍ത്തമാനത്തിന് ചെവികൊടുക്കാന്‍ പറഞ്ഞു ചെല്ലാന്‍ നിനക്കെങ്ങനെ സാധിച്ചു' വെന്ന്? ഇതിനൊക്കെ തന്നെയല്ലേ നമ്മള്‍, ഇതൊന്നും ആദ്യമായിട്ടല്ലേ താനും' -നെഞ്ചിനു താഴേക്ക് നീണ്ട താടിയില്ല, നെറ്റിയില്‍ മുഴച്ചുനില്‍ക്കുന്ന നിസ്‌കാരത്തഴമ്പില്ല, സുന്നത്ത് നിസ്‌കാരങ്ങളുടെയും നോമ്പുകളുടെയും അക്കൗണ്ട് പുസ്തകങ്ങള്‍ നിറച്ചുവെച്ചിട്ടില്ല.
'ഒരു സഹജീവിയുടെ ആവശ്യം പൂര്‍ത്തീകരിക്കാനിറങ്ങിത്തിരിക്കുമ്പോള്‍ നീ ദൈവ മാര്‍ഗത്തിലാണ് ' എന്ന പ്രവാചക വചനം ഹദീസ് ഗ്രന്ഥവും അധ്യായനവും സൂക്തവും നോക്കിയുദ്ധരിക്കാന്‍ പഠിച്ചിട്ടുമില്ല. 'ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന് താങ്ങായിരിക്കണമൈന്നതാണ് വിശ്വാസിയാവുക എന്നതിന്റെ വ്യാഖ്യാന' മെന്ന് പുസ്തകം പരതിപ്പഠിച്ചതുമല്ല. പച്ച ജീവിതത്തില്‍ ഇസ്ലാം പതിച്ചുവെച്ച പാരമ്പര്യത്തിനി്റെ ഒരീണത്തില്‍ പാതിരാ മഴയില്‍ കാത്തുവിളിച്ചൊരു മനുഷ്യ ഹൃദയത്തിന്റെ വേദനയിലേക്ക് ഒലിച്ചിറങ്ങി പോയതാണെന്റെ സുഹൃത്ത്.
അവാര്‍ഡുകള്‍ വാങ്ങാന്‍ അവനെവിടെ യുമുണ്ടാകില്ലെന്നെനി ക്കറിയാം. ഫഌക്‌സുകളില്‍ കവലകളിലെ പൂര്‍ണകായ ചിത്രമാകാനും വാരാന്തഫീച്ചറുകളില്‍ വിളങ്ങിനില്‍ക്കാനും അവനുണ്ടാകില്ല. വലിയ നേട്ടങ്ങളുടെയും പൈതൃകങ്ങളുടെയും പട്ടികയിലും എന്റെ സുഹൃത്തിന്റെ പേരുണ്ടാവില്ലെന്ന് തീര്‍ച്ച.
പക്ഷെ, ഒന്നുറപ്പ്... നാട്ടാചാരങ്ങളുടെ ഓരംപറ്റി ഒരു പച്ചയെഴുത്തില്‍ ഇസ്ലാം എണ്ണം പറയാത്ത അനേകരിലൂടെ നമ്മുടെയൊക്കെ സമീപനങ്ങളിലൂടെ നിശ്ശബ്ദം തലോടിപ്പോകുന്നുണ്ട് -സത്യത്തിലാരും തിരിച്ചറിയാതെ. വഴിയുടെയും വഴിപോക്കന്റെയും അയല്‍പക്കത്തിന്റെംയും അയല്‍ക്കാരന്റെയും അനാഥത്വത്തിന്റെയും അനാഥയുടെയും അവകാശങ്ങളും അളവുകളും നിജപ്പെടുത്തിക്കൊണ്ട്. ആരാധനകളേക്കാളധികം സംസ്‌കാരത്തെക്കുറിച്ച്, ആചാരങ്ങളേക്കാളേറെ മൂല്യങ്ങളെക്കുറിച്ച്, ചട്ടങ്ങളേക്കാളേറെ സൗമനസ്യങ്ങളെക്കുറിച്ച് മനുഷ്യനെ ഓര്‍മപ്പെടുത്തിക്കൊണ്ട്.
ആ ഇസ്ലാം യതീമിന്റെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞിനെ ഉമ്മവെക്കുന്നത് തടഞ്ഞു. പട്ടിക്കാരനായ അയല്‍വാസിയെ അറിഞ്ഞുകൊണ്ട് നാവില്‍ നനവുറ്റുന്ന സുഗന്ധഭോജ്യങ്ങള്‍ തന്റെ അടുക്കളയില്‍ പാകം ചെയ്യുന്നത് നിരോധിച്ചു. വെള്ളം ചേര്‍ത്തെങ്കിലും ചാറിലൊരു പങ്ക് അയല്‍പക്ക ത്തെത്തിക്കാന്‍ കല്‍പിച്ചു.
അയല്‍പക്കത്തെ സാധുവിന്റെ വീട്ടിലേക്ക് കാറ്റുതടയും വിധം മതിലുയര്‍ത്തുന്നതും ഗരിമ കാണിക്കുംവിധം പടിപ്പുരഗോപുരങ്ങള്‍ പണിയുന്നതും വിലക്കി. ചൂളക്ക് വെക്കാത്ത കല്ലില്‍ പള്ളി പണിത് ഈന്തപ്പനയോലയില്‍ അതിന്റെ മേല്‍ക്കൂര തീര്‍ത്തു. വിരിച്ച മണലില്‍ അതിന്റെ തറനിരത്തി.
ഈന്തപ്പനത്തടി വെട്ടിയെടുത്ത് മിമ്പര്‍ തീര്‍ത്തു. നിങ്ങള്‍ പറയരുത്; അന്ന് ഗള്‍ഫില്‍ എണ്ണ കണ്ടെത്തിയിരുന്നില്ലെന്ന്. സീസറിന്റെയും കൈസറിന്റെയും സ്വര്‍ണക്കൊട്ടാരങ്ങളും രത്‌നശേഖരങ്ങളും അന്നിസ്ലാമിന് സ്വന്തമായിരുന്നു.
ഈന്തപ്പന മറച്ച കുടിലിന് പുറത്ത് വിറക് കീറുന്ന ഖലീഫയെ തിരിച്ചറിയാതെ രാജപ്രതിനിധി സംഘങ്ങള്‍ അമ്പരന്ന് നില്‍ക്കുമ്പോള്‍ റോമും പേര്‍ഷ്യയും ഇറാഖും ദമാസ്‌ക്കസും ജറുസലേമും ഈജിപ്തും ഇസ്ലാമിക മഹരാജ്യത്തിന്റെ കിരീടത്തിലെ രത്‌നങ്ങളായിരുന്നു. പച്ചജീവിതത്തോടൊട്ടിനില്‍ക്കുന്ന, ജീവിതത്തെക്കുറിച്ച് വ്യാമോഹങ്ങളോ മരണത്തെക്കുറിച്ച് വിസ്മൃതിയോ ഇല്ലാത്ത ഒരിസ്ലാം ജീവിച്ചിരുന്നു.
ഇന്നും ജീവിച്ചിരിക്കുന്നു. കൊട്ടാര മട്ടുപ്പാവില്‍ ഒട്ടകത്തൈ തപ്പുന്നതുപോലെ നിര്‍ഥകമാണ് ജീവിതത്തിന്റെ കെട്ടു കാഴ്ചകളില്‍ ഇസ്ലാമിനെ അന്വേഷിക്കുന്നത്. മെട്രോ സമുഛയങ്ങളായി കെട്ടിയുയര്‍ത്തപ്പെടുന്ന 'ധനാഢ്യരുടെ ലക്ഷം വീടുകളില്‍' അഞ്ചു സെന്റും കൊട്ടാരവും പതിച്ചുകിട്ടാന്‍ നെട്ടോട്ടമോടുന്ന വികസനത്തിന്റെ പുതിയ സ്വപ്‌ന ലോകത്ത് അന്യരുമാക്ക പ്പെടുന്നവരാണനവര്‍. അവരിലൂടെയാണ് ഇസ്ലാം ജീവിക്കുന്നതും പ്രയാണം നടത്തുന്നതും.
നാം നിസാരമാക്കുന്ന സകലതിനെയും സാരമാക്കിക്കൊണ്ടാണത് നീങ്ങുന്നത്. ലാളിത്യത്തെ പ്രൗഢിയായും ശാന്തിയെ ഗാംഭീര്യമായും വിശ്വാസത്തെ ശക്തിയായും വായിക്കാന്‍ അതിന് കഴിയും. വിലക്കുകളും ചുവരുകളുമില്ലാത്ത, രാപ്പകലുകളെ ഗൗനിക്കാത്ത, ദേശിക്കും പരദേശിക്കുമിടയില്‍ ഭേദം കല്‍പിക്കാത്ത മനുഷ്യര്‍ക്കുവേണ്ടിയുള്ള മസ്ജിദുകളത് പടുത്തുയര്‍ത്തും.
വഴിയില്‍വീണ മുള്ളുകള്‍ പെറുക്കി മാറ്റുന്നതിനെയാണത് പുണ്യമായി കാണുന്നത്. അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ശാന്തി (സലാം) ആശംസിക്കുന്നതാണതിന്റെ സംസ്‌കാരം. വഴിതുറക്കാനാണ്, വഴിതടയാനല്ല ഇസ്ലാം വന്നതെന്നറിയുമ്പോള്‍ പ്രൗഢമായി തെരുവീഥികളിലൂട പരന്നൊഴുകുന്ന പ്രകടനങ്ങള്‍ ഏതു കള്ളിയില്‍ എഴുതിച്ചേര്‍ക്കും? പ്രാര്‍ഥനയി ലായിരിക്കുന്നവനെ അലോസരപ്പെടുത്തുംവിധം ഖുര്‍ആന്‍ ഓതാന്‍ പോലും അനുവദിക്കാത്ത ദീനിന്റെ പേരില്‍ തീര്‍ക്കുന്ന ബഹളങ്ങള്‍ എങ്ങനെയാണ് ന്യായീകരിക്കപ്പെടുക? വൃത്തിയുടെ വിശുദ്ധ ഭവനങ്ങളാകേണ്ട പള്ളികളെ മൂത്രപ്പുരകളുടെ ദുര്‍ഗന്ധം കൊണ്ട് തിരിച്ചറിയേണ്ടിവരുന്നുവെന്നതാണ് നമ്മുടെ ദൗര്‍ഭാഗ്യം.
ഭൂമിയിലെ ഏറ്റവും നാശം പിടിച്ച ഇടം അങ്ങാടികളാണെന്ന വിശുദ്ധ വചനത്തെ ധിക്കരിച്ചുകൊണ്ടാണ് മുസ്ലിംജീവിതം ചന്തകളില്‍ പെരുകുന്നത്. നാമിന്ന് ജീവിക്കുകയും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇസ്ലാമിന് സമാന്തരമായി മറ്റൊരിസ്ലാമിന്റെ ഈണം ഒഴുകുന്നുണ്ട്.
മദ്യഷാപ്പുകള്‍ക്കുമുന്നില്‍ വരിനില്‍ക്കുകയും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുവേണ്ടി കുത്തു പണിയെടുക്കുകയും കവര്‍ച്ചയും കൊള്ളയും വ്യഭിചാരവും വാണിജ്യടിസ്ഥാനത്തില്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന അറബിപ്പേരുകളുടെ പരേഡുകളല്ലത്. ഇസ്ലാമിനെ വെട്ടു കാളകളുടെ ഊറ്റത്തില്‍ പണിയാന്‍ ശ്രമിക്കുന്ന ഉദ്ധതരുടെ പരാക്രമങ്ങളുമല്ല.
സംഘടനകള്‍ തീര്‍ക്കുന്ന പോര്‍വിളികള്‍ക്കപ്പുറം ഖലീഫ ഉമര്‍ നടന്നുപോയ വഴികളില്‍ തീപുകയാത്ത വീടുകളും നെരിപ്പോടുകളണയാത്ത നെഞ്ചുകളും കരളുറങ്ങാത്ത മഞ്ചങ്ങളും അന്വേഷിച്ച് പാതിരാക്കൂരിരുട്ടിനെയും മധ്യാഹ്ന സൂര്യനെയും വകവെക്കാതെ പ്രയാണം ചെയ്യുന്ന സ്വാര്‍ഥവാഹക സംഘങ്ങളുടെ സമാന്തര പ്രയാണമാണത്.
അവരനാഥകളെ ആശ്വസിപ്പിക്കുന്നു. അഗതികളെ പുല്‍കുന്നു. വിധവകള്‍ക്ക് ആശ്രയമൊരുക്കുന്നു. നൊണ്ടിയെ താങ്ങുന്നു, വിക്കനുവേണ്ടി സംസാരിക്കുന്നു, അന്ധനുവേണ്ടി കാണുന്നു.
അന്തരിച്ച രജാഗരോഡി നാമൊക്കെ പ്രൗഢിയുടെ അടയാളങ്ങളായാഘോഷിക്കുന്ന തുര്‍ക്കിയിലെയും സമര്‍ഖന്തിലെയും ദില്ലിയിലെയും വാസ്തുരൂപങ്ങള്‍ നോക്കി വേദനിച്ചിരുന്നുവത്രെ. രാജാക്കര്‍ പട്ടും പൊന്നും പുതപ്പിക്കുന്നതിനു മുമ്പുള്ള കഅ്ബയെ ഓര്‍ക്കുമ്പോള്‍, ചൂടാത്ത കട്ടകളില്‍ പടുത്ത ഈന്തപ്പന മോന്തായത്തിനു കീഴില്‍ മണലുവിരിച്ച പ്രവാചകരുടെ പള്ളിയെ അനുസ്മരിക്കുമ്പോള്‍,
ന്യുമോണിയക്കു ചികിത്സിക്കാന്‍ 500 രൂപക്ക് മരുന്നുവാങ്ങാന്‍ ശേഷിയില്ലാതെ ഏതോ ആശുപത്രി വരാന്തയില്‍ രണ്ടു പൈതങ്ങളെ അനാഥരാക്കി മരിച്ചുപോകുന്ന അമ്മമാരെയും ഉമ്മയുടെ മയ്യത്ത് വീണ്ടെടുക്കാന്‍ ആശുപത്രിക്ക് നല്‍കാന്‍ സ്വന്തം ശരീരമല്ലാതെ മറ്റൊന്നുമില്ലാത്തതിന്റെ പേരില്‍ ആശുപക്രിയുടെ മട്ടുപ്പാവില്‍ നിന്ന് ചാടി മരിച്ച മകളെയുമോര്‍ക്കുമ്പോള്‍ പ്രൗഢിയാഘോഷിക്കാന്‍ നാം പടുത്തുയര്‍ത്തുന്ന രമ്യഹര്‍മ്മങ്ങള്‍ക്കുമുമ്പില്‍ രണ്ടിറ്റു കണ്ണീരഞ്ജലിയര്‍പ്പിക്കാന്‍ നാമും നിര്‍ബന്ധിതരാവില്ലേ?
'പരദേശിയെപ്പോലെ വന്ന് പരദേശിയെപ്പോലെ മടങ്ങിപ്പോകും എന്റെ ദീനെ'ന്ന് നമ്മുടെ പ്രവാചകന്‍ നൊമ്പരപ്പെട്ടിരുന്നു. കെട്ടുകാഴ്ചകളുടെ വര്‍ണപ്രളയത്തില്‍ അന്നന്ന് ഇസ്ലാം അപരിചിതമായിക്കൊണ്ടിരിക്കുന്നു; ഒരു പരദേശിയെപ്പോലെ, ആരാലും തിരിച്ചറിയപ്പെടാതെ.
ജഡത്തെ പട്ടുപൊതിഞ്ഞു സൂക്ഷിക്കുന്ന പൊട്ടനെപ്പോലെ നാട്ടിവച്ച വഴിയടയാളങ്ങളൊന്നും തിരിച്ചറിയാതെ ഇസ്ലാമിക പട്ട് പുതച്ച് കെട്ടുകാഴ്ചകളില്‍ രമിച്ച് വിശ്വാസികളുടെ സമൂഹം യാത്രയാകുന്നതെങ്ങോട്ടാണ്?
അബ്ദുല്ല മണിമ
(കടപ്പാട് രിസാല ആയിരാം ലക്കം)